
ന്യൂഡല്‍ഹി: രാജ്യത്തെ ഏക പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം പകുതിയോടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റ് (DIPAM) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ടെ വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയില്‍ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചയില്‍ നന്നതായും അദ്ദേഹം പറഞ്ഞു. നവംബര്‍ മാസത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കവും ഉണ്ടായേക്കും.
നവംബര്‍ മാസത്തില്‍ ബിപിസിഎല്‍, കോണ്‍കോര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി തുഹിന്‍ കാന്ത പാണ്ടെ പറഞ്ഞു. അതേസമയം എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓഹരികള്‍ ഏറ്റെടുക്കുന്നവര്‍ മാര്‍ച്ച് 17 ന് മുന്‍പ് താത്പര്യ പത്രം നല്‍കേണ്ടി വരും. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് 60,000 കോടിയിലധികം കടബാധ്യതയാണ് നിലവിലുള്ളത്. എല്‍ഐസിയുടെ ഓഹരി വില്‍പ്പനയെക്കുറിച്ചും പാണ്ഡെ സൂചിപ്പിച്ചു. എന്നാല്‍ വ്യക്തമായൊരു തീരുമാനം പാണ്ഡെ നല്‍കിയില്ല.
കമ്പനിക്ക് നിലവിലുണ്ടായ നഷ്ടം പെരുകയിത് മൂലമാണ് ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയത്. 2018 ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നത്. എന്നാല്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് മൂലമാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കമ്പനി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്. എന്നാല്‍ ഓഹരികള്‍ ആരും ഇത്തവണ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരും. കമ്പനിയുടെ 23,286 കോടി രൂപയോളം വരുന്ന കടബാധ്യത ഓഹരികള്‍ വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടി വരും.
വിദേശ കമ്പനികള്‍ക്ക് 100 ശതമാനം ഓഹരികള്‍ വാങ്ങാന്‍ സാധിച്ചേക്കില്ല. ഓഹരികള്‍ ഏറ്റെടുക്കുന്നതിന് വിദേശ കമ്പനികള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. അടച്ചുപൂട്ടല്‍ ഭീഷണിയുടെ പടിവാതില്‍ക്കല്‍ കമ്പനി എത്തിയിരുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഏത് നിമിഷവും കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളകാര്യത്തിലടക്കം വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കേണ്ടി വരുന്നത്.
അതേസമയം പത്ത് വര്‍ഷത്തിനിടെ കമ്പനിയുടെ നഷ്ടത്തില്‍ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ നഷ്ടം 8,556.35 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം കമ്പനിക്ക് ആകെ 26 കോടി രൂപയോളം നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണം സാധ്യമാക്കാതെ കമ്പനിയെ ശക്തിപ്പെടുത്തുക പ്രയാസമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സ്വകാര്യവത്ക്കരണം ഇല്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരും
എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടത്തിലായ കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണ നിബന്ധനകള്‍ പരിശോധിച്ച് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.