കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; അലയന്‍സ് എയര്‍ ഉള്‍പ്പെടെ പട്ടികയില്‍

October 13, 2021 |
|
News

                  കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; അലയന്‍സ് എയര്‍ ഉള്‍പ്പെടെ പട്ടികയില്‍

ചരിത്രപരമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുശേഷം കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായിരുന്ന അലയന്‍സ് എയര്‍ ഉള്‍പ്പെടെയുള്ള നാലു സംരംഭങ്ങളാണ് നിലവില്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ ഈ സ്ഥാപനങ്ങളുടെ 14,700 കോടി രൂപ മൂല്യം വരുന്ന ഭൂമി, കെട്ടിടം തുടങ്ങിയ ആസ്തികളും വിറ്റഴിക്കുമെന്ന് ദിപം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കി. വന്‍ കടബാധ്യത ഉണ്ടായിരുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ സാധിച്ചത് മറ്റു സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിന് ഇന്ധനമാകുമെന്നാണ് വിലയിരുത്തല്‍.

18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ, ടാറ്റ കുടുംബത്തിലേക്കു മടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. ഇതില്‍ 15,300 കോടി രൂപയുടെ കടം ഏറ്റെടുക്കലും 2,700 കോടിയുടെ പണം നല്‍കലുമാണ് ഉള്‍പ്പെടുന്നത്. എയര്‍ ഇന്ത്യയ്ക്കൊപ്പം വില്‍പ്പന പട്ടികയില്‍ ഇടംപിടിച്ചിരുന്ന അനുബന്ധ കമ്പനികളെ സ്വകാര്യവല്‍ക്കരിച്ചു ബാധ്യതകള്‍ ഒഴിവാക്കുകയാണു ലക്ഷ്യമെന്ന് പാണ്ഡെ പറഞ്ഞു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു മുന്‍കൈയെടുത്ത ഉദ്യോഗസ്ഥനാണു പാണ്ഡെ. ഇനി വില്‍ക്കാനുള്ള സ്ഥാപനങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണമായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. എയര്‍ ഇന്ത്യ എയര്‍ ട്രന്‍സ്പോര്‍ട്ട് ലിമിറ്റഡ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്കൊപ്പം ഇവയുടെ അനുബന്ധ ആസ്തികള്‍, പെയിന്റിംഗുകള്‍, കലാരൂപങ്ങള്‍, മറ്റു പ്രവര്‍ത്തനേതര ആസ്തികള്‍ എന്നിവയാണ് വിറ്റഴിക്കാനുള്ളത്.

ഓഗസ്റ്റ് 31 പ്രകാരം എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 61,562 കോടി രൂപയാണ്. ഇതില്‍ ടാറ്റ സണ്‍സ് 15300 കോടി രൂപ ഏറ്റെടുത്തു കഴിഞ്ഞു. ബാക്കിയുള്ള 46,262 കോടി രൂപയാണു കണ്ടെത്തേണ്ടത്. എയര്‍ ഇന്ത്യയുടെ ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ 14,718 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ ഓഗസ്റ്റ് 31 വരെ ഇന്ധനം വാങ്ങിയതടക്കമുള്ള 15,834 കോടി രൂപയുടെ ബാധ്യതകളും വില്‍പ്പനയിലൂടെ കണ്ടെത്തേണ്ടതുണ്ട്. നിലവിലെ വിലയിരുത്തലുകള്‍ പ്രകാരം എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ മൊത്തം ബാധ്യത 44,679 കോടിയാണ്. ഈ ആസ്തികള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നതു വരെ സര്‍ക്കാരിനു ശ്വാസം വിടാനാകില്ല. കാരണം ഇവയുടെ പരിപാലനത്തിനായി പ്രതിദിനം 20 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved