
ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വിവരങ്ങള്‍ സര്‍ക്കാരിന്റെ ഉപദേശപ്രകാരം ദേശീയ പ്രാധാന്യമുളള പ്രത്യേക ഏജന്‍സികളുമായി മാത്രമേ പങ്കിടാന്‍ കഴിയൂ എന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
'ലേല നടപടികളുടെ ഭാഗമായ ഓരോ ബിഡ്ഡര്‍മാര്‍ക്കും ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ ഒരു കോഡ് നല്‍കും. ലേല നടപടികള്‍, സൈറ്റ് സന്ദര്‍ശനങ്ങള്‍, ബിഡ്ഡിംഗ് മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും കോഡ് ഉപയോഗിച്ച് മാത്രം നടത്തും.'' മന്ത്രാലയത്തിന്റെ കീഴിലെ പൊതുമേഖല ഓഹരി വില്‍പ്പന കൈകാര്യം ചെയ്യുന്ന വിഭാ?ഗമായ ഇന്‍വെസ്റ്റ്‌മെന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ദിപാം) പറഞ്ഞു. ഓഹരി വില്‍പ്പന ഇടപാടിന്റെ ചുമതലയുളള ഉപദേഷ്ടാവ് നല്‍കിയിട്ടുളള കോഡ് ബിഡ്ഡറുടെ ഐഡന്റിറ്റിയായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാനക്കമ്പനിയിലെ ഒരു ബോര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കണ്‍സോര്‍ഷ്യവും എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പത്രം (ഇഒഐ) സമര്‍പ്പിച്ച കക്ഷികളില്‍ ഉള്‍പ്പെടുന്നു.