എയര്‍ ഇന്ത്യയുടെ രക്ഷകനായി ടാറ്റാ ഗ്രൂപ്പോ?

December 14, 2020 |
|
News

                  എയര്‍ ഇന്ത്യയുടെ രക്ഷകനായി ടാറ്റാ ഗ്രൂപ്പോ?

നഷ്ടത്തിലായ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്തുന്നതിനായി ടാറ്റാ ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ടാറ്റാ സണ്‍സിന് ഭൂരിപക്ഷം ഓഹരികളുള്ള എയര്‍ ഏഷ്യയെ ഉപയോഗിച്ച് എയര്‍ ഇന്ത്യ ഏറ്റെടുക്കാനാണ് പദ്ധതിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്-19 പ്രതിസന്ധിയെത്തുടര്‍ന്ന് പുതിയ ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ മലേഷ്യന്‍ ഉടമസ്ഥര്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ടാറ്റ എയര്‍ ഏഷ്യ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സായ വിസ്താരയുമായുള്ള സംയുക്ത സംരംഭത്തിലൂടെ എയര്‍ ഇന്ത്യയോടുള്ള താല്‍പര്യം നേരത്തെ ടാറ്റ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ പ്രതിസന്ധിയിലായ എയര്‍ലൈനിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതിയില്‍ പങ്കുചേരാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് താല്‍പ്പര്യമില്ലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എയര്‍ ഏഷ്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കാന്‍ എയര്‍ ഏഷ്യ, ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും എയര്‍ ഏഷ്യയിലെ ടോണി ഫെര്‍ണാണ്ടസിന്റെ ഓഹരി വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്നും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. എയര്‍ ഇന്ത്യ വാങ്ങാനുള്ള താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (ഡിസംബര്‍ 14) അവസാനിക്കും. ഇതിന് മുമ്പ് അഞ്ച് തവണ തീയതി നീട്ടിയിരുന്നുയ താത്പര്യ പത്രം സമര്‍പ്പിച്ച ശേഷം, ലേലക്കാര്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതായത് ഡിസംബര്‍ 29നകം.

എയര്‍ ഇന്ത്യയ്ക്കായുള്ള ലേലം വിളിക്കുന്നവരുടെ അറിയിപ്പ് തീയതി ഡിസംബര്‍ 29 മുതല്‍ ജനുവരി 5 വരെ സര്‍ക്കാര്‍ നീട്ടി. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ലേലക്കാരെ പ്രഖ്യാപിക്കുന്നതിനുള്ള തീയതിയാണിത്. നേരിട്ടുള്ള ലേല അപേക്ഷ ഡിസംബര്‍ 29 നകം നല്‍കണം. അദാനി ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പുമാണ് എയര്‍ ഇന്ത്യ ലേലത്തില്‍ പങ്കെടുക്കുന്ന മറ്റ് രണ്ട് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളൊന്നും തന്നെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തില്‍ ലേലം വിളിക്കാന്‍ ഹിന്ദുജ ഗ്രൂപ്പും ലുഫ്താന്‍സയുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന മറ്റൊരു വിവരം.

Related Articles

© 2025 Financial Views. All Rights Reserved