
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയലൂടെ കടന്നുപോകുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ കരകയറ്റാനുള്ള മാര്‍ഗങ്ങളുമായാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുകയാണ് ആദ്യ ലക്ഷ്യം. വിപണി തലത്തില്‍ മൂല്യം വര്‍ധിപ്പിക്കാനും, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും എയര്‍ ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാനും ലക്ഷ്യമിടുന്നുണ്ട്. അതേസമയം എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാനെത്തുന്ന കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും. സാമ്പത്തിക നിലവാരവും വിമാന ആസ്തികള്‍ കൂടുതല്‍ കൈവശവമുള്ള കമ്പനികളെയാണ് എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയ്ക്ക് ക്ഷണിക്കുക.
എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് തലത്തിലും അഴിച്ചുപണികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. സെലക്ഷന്‍ കമ്മറ്റി മുഖേനയായിരിക്കും ജീവനക്കാരെ നിയമിക്കുക. ജീവനക്കാരുടെ കഴിവും പ്രകടനവും വിലയിരുത്തിയാകും മാനേജ്‌മെന്റ് തലത്തില്‍ നിയമിക്കുക. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകറാനും വിപണി മൂല്യം വര്‍ധിപ്പിക്കാനും രണ്ട് വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കും. എയര്‍ ബസ് എ 320 നിയോ വിമാനങ്ങളാണ് കമ്പനി വാങ്ങുക. അതേസമയം 27 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനായിരുന്നു വ്യവസ്ഥയുണ്ടായിരുന്നതെന്നും അതില്‍ 24 വിമാനങ്ങള്‍ നിലവില്‍ ലഭിച്ചിട്ടുണ്ടെന്നും വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.
എയര്‍ ഇന്ത്യയെ സാമ്പത്തികപരമായി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നിക്ഷപങ്ങളില്‍ കൂടുതല്‍ നവീകരണം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിട്ടുള്ളത്. അതേസമയം എയര്‍ ഇന്ത്യയുടെ നാല് ഉപകമ്പനികളുടെയും കടം 29000 കോടി രൂപയോളമാണെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ എയര്‍ഇന്ത്യയെ സാമ്പത്തികപരമായി ശക്തിപ്പെടുത്തുകയെന്നാതാണ് പ്രധാന ലക്ഷ്യം. ഓഹരി വില്‍പ്പനയിലൂടെയാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം നിക്ഷേപകരെ ആകര്‍ഷിക്കുന്ന രീതിയില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ എയര്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇത്തവണ കൂടുതല്‍ നിക്ഷേപകരെ എത്തിക്കാനുള്ള ശ്രമമാണ് എയര്‍ ഇന്ത്യ നടത്തുക. ഓഹരി വില്‍പ്പനയിലൂടെ കടബാധ്യത കുറക്കാനുള്ള മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.