ജനപ്രതിനിധികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ഇളവില്ല; കടുപ്പിച്ച് എയര്‍ ഇന്ത്യ

November 05, 2021 |
|
News

                  ജനപ്രതിനിധികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി ഇളവില്ല; കടുപ്പിച്ച് എയര്‍ ഇന്ത്യ

ഏതൊരു സ്ഥാപനവും തങ്ങളുടെ ജീവനക്കാര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതു സര്‍വ സാധാരണമാണ്. ആ നിലയ്ക്ക് പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ ജനപ്രതിനിധികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യവല്‍ക്കരണം സാധ്യമായതോടെ ടാറ്റ ഈ ഇളവുകള്‍ അവസാനിപ്പിക്കുയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നല്‍കിയിരുന്ന സൗജന്യ ക്രെഡിറ്റ് സംവിധാനമാണ് ടാറ്റ നിലവില്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍ക്കാരില്‍നിന്ന് എയര്‍ ഇന്ത്യയെ ടാറ്റയുടെ കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗജന്യ ക്രെഡിറ്റ് സംവിധാനം പെട്ടെന്നു നിര്‍ത്തലാക്കിയത് ജനപ്രതിനിധികള്‍ക്ക് അത്ര പിടിച്ചിട്ടില്ല. ചിലര്‍ ഇതോടകം അതൃപ്തി തുറന്നു പ്രകടിപ്പിച്ചു കഴിഞ്ഞു. ക്രെഡിറ്റിലുള്ള പറക്കല്‍ ഇനി വേണ്ട, സാധാരണക്കാരെ പോലെ പണം കൊടുത്ത് ടിക്കറ്റെടുത്ത് മതി യാത്രയെന്നാണു ടാറ്റയുടെ നിലപാട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ യാത്രാ ചെലവുകള്‍ എക്സ്പെന്റിച്ചര്‍ മന്ത്രാലയമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. ഇത്തരം വിമാന യാത്രാ ചെലവുകള്‍ യാത്രയ്ക്കു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് എയര്‍ ഇന്ത്യയ്ക്കു ലഭിച്ചിരുന്നത്. കമ്പനിയുടെ തകര്‍ച്ചയ്ക്കു വഴിവച്ചതില്‍ ഒരു കാരണവും ഈ കെടുകാര്യസ്ഥത തന്നെയാണ്.

ജനപ്രതിനിധികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ അവരുടെ ഇഷ്ട പ്രകാരം നിരക്കുകള്‍ നോക്കി ഏതു വിമാന സര്‍വീസ് വേണമെങ്കിലും ഉപയോഗിക്കാമെന്നു കഴിഞ്ഞ ദിവസം ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(ദിപം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഇതുവരെ എയര്‍ ഇന്ത്യ സേവനം ഇല്ലാത്ത റൂട്ടുകളില്‍ മാത്രമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ പൂര്‍ണമായ കൈമാറ്റം ഈ വര്‍ഷം ഡിസംബറോടെ സാധ്യമാകുമെന്നാണു വിലയിരുത്തല്‍. 18,000 കോടി രൂപയ്ക്കാണ് ടാറ്റയുടെ ടാലസ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. 15,300 കോടി രൂപയുടെ കടം ഏറ്റെടുക്കലും 2,700 കോടി രൂപയുടെ പണം കൈമാറ്റവും ഉള്‍പ്പെടെയാണ് 18,000 കോടി. പൂര്‍ണമായി ഏറ്റെടുപ്പ് സാധ്യമാക്കുന്നതോടെ അടിമുടി പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം. ടി.സി.എസിനെയാണ് ടാറ്റ ഇതിനായി നിയോഗിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പഴയ സംവിധാനം പൊളിച്ച് ഒരു കോര്‍പറേറ്റ് പുനസംഘടന സാധ്യമാക്കാനാണു ടാറ്റയുടെ തീരുമാനം.

അനാവശ്യച്ചെലവുകള്‍ കണ്ടെത്തി അവ കുറയ്ക്കുകയാകും ടാറ്റയുടെ ആദ്യ നടപടിയെന്നാണു സൂചന. വിമാനങ്ങളുടെ നവീകരണം, ജീവനക്കാര്‍ക്കുള്ള ഫ്രീ പാസ് വെട്ടിച്ചുരുക്കല്‍, പുതിയ റൂട്ടുകള്‍ കണ്ടെത്തല്‍, വിമാനങ്ങളുടെ പരിപാലന ചെലവ് എന്നിവയില്‍ പൊളിച്ചെഴുത്തുകള്‍ ഉണ്ടാകും. ജീവനക്കാരുടെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം ഒരു വര്‍ഷത്തേയ്ക്ക് ആരെയും പിടിച്ചുവിടാന്‍ ടാറ്റയ്ക്ക് സാധിക്കില്ല.

എന്നാല്‍ ഈ കാലാവധി കഴിയുന്ന മുറയ്ക്കു കാരാര്‍ ജീവനക്കാരെ അടക്കം ഒഴിവാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ടാറ്റ ബിഡ് വിജയിച്ചതിനു പിന്നാലെ, ഒന്നാം തീയതി തന്നെ ശമ്പളം കൃത്യമായി ലഭിച്ച സന്തോഷത്തിലാണ് ജീവനക്കാര്‍. ഇനി എല്ലാം ശരിയാകുമെന്ന പ്രത്യാശയാണ് അവര്‍ക്കുള്ളത്. പിരിച്ചുവിടലിനു പകരം സ്വയം വിരമിക്കല്‍ അവസരം നല്‍കാനും സാധ്യതയുണ്ട്. നിലവില്‍ 12,085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 1,434 ജീവനക്കാരുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved