
ടാറ്റാ ഗ്രൂപ്പും മലേഷ്യയുടെ എയര്‍ ഏഷ്യ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ നടത്തുന്ന സംയുക്ത സംരംഭമായ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഏഷ്യയ്ക്ക് ടാറ്റാ ഗ്രൂപ്പ് 50 മില്യണ്‍ ഡോളര്‍ അടിയന്തര ധനസഹായം നല്‍കും. ഡെറ്റും ഇക്വിറ്റിയും കൂടിച്ചേര്‍ന്നുള്ള ധനസഹായം എയര്‍ ഏഷ്യ ഇന്ത്യ ലിമിറ്റഡിലെ ടാറ്റ ഗ്രൂപ്പിന്റെ നിലവിലെ 51 ശതമാനം ഓഹരിയ്ക്ക് മുകളിലേയ്ക്ക് ഉയര്‍ത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ആഗോള യാത്രാ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന മലേഷ്യന്‍ കമ്പനി എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തി വിപണിയില്‍ നിന്ന് പുറത്തു പോകുന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഏഷ്യ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനെ ആശ്രയിച്ച് പണം കണ്ടെത്തുന്നത്.
ഭാവിയില്‍ എയര്‍ലൈനില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒരു പങ്കാളിയെ തേടിയേക്കാമെങ്കിലും ടാറ്റാ ഗ്രൂപ്പ് എയര്‍ ഏഷ്യ ഇന്ത്യയില്‍ നിക്ഷേപം തുടരുമെന്നാണ് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആഭ്യന്തര വ്യോമയാന വിപണി ശക്തമായി തിരിച്ചുവരുമെന്നും ആഭ്യന്തര വിമാനങ്ങള്‍ക്ക് വിപണിയില്‍ മതിയായ ഇടമുണ്ടെന്നും ടാറ്റ ഉറച്ചു വിശ്വസിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ടാറ്റ ഗ്രൂപ്പും എയര്‍ ഏഷ്യ ഇന്ത്യയും ഇക്കാര്യങ്ങളോട് പ്രതികരിച്ചില്ല. മെയ്, ജൂണ്‍ മാസങ്ങളില്‍ എയര്‍ ഏഷ്യ ഇന്ത്യയില്‍ പൈലറ്റുമാരുടെ ശമ്പളം ശരാശരി 40% കുറച്ചിരുന്നു. ജൂണ്‍ മാസത്തില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ എയര്‍ലൈനില്‍ 2500 ഓളം ജീവനക്കാരുണ്ട്. 600ഓളം പൈലറ്റുമാര്‍ ഉള്‍പ്പെടെയാണിത്.
ജപ്പാനിലെയും ഇന്ത്യയിലെയും ഞങ്ങളുടെ ബിസിനസുകള്‍ നഷ്ടത്തിലാണെന്നും ഇത് ഗ്രൂപ്പിന് വളരെയധികം സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്നും എയര്‍ ഏഷ്യ അറിയിച്ചിരുന്നു. എയര്‍ ഏഷ്യ ജപ്പാന്‍ അടുത്തിടെ അടച്ചതും എയര്‍ ഏഷ്യ ഇന്ത്യയിലെ ചെലവ് ചുരുക്കലും കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം, ആസിയാന്‍ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ വിസ്താരയില്‍ ടാറ്റാ ഗ്രൂപ്പിന് നിയന്ത്രണ ഓഹരിയുണ്ട്. ടാറ്റാ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും അടുത്തിടെ 585 കോടി രൂപ വിസ്താരയില്‍ നിക്ഷേപിച്ചതായി തിങ്കളാഴ്ച ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ എയര്‍ ഏഷ്യ തങ്ങളുടെ ഓഹരി വില്‍ക്കാന്‍ ടാറ്റ ഗ്രൂപ്പിനെ സമീപിച്ചതായി മിന്റ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംയുക്ത സംരംഭത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ടാറ്റാ സണ്‍സിന് ഓഹരികള്‍ വാങ്ങാനുള്ള ആദ്യ അവകാശമുണ്ട്. ജൂണ്‍ പാദത്തില്‍ എയര്‍ ഏഷ്യയുടെ നഷ്ടം 332 കോടി രൂപയായി ഉയര്‍ന്നിരുന്നു. ലോക്ക്ഡൗണ്‍, മഹാമാരിയെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയാണ് ഇതിന് കാരണം.