
ലോകത്ത് പലയിനം ടാക്സി സര്‍വ്വീസുകളുണ്ട്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി ആകാശ യാത്രയ്ക്കും ഒരു ടാക്സി വരുകയാണ്. ഇത് പലയിടത്തം പ്രായോഗികമായിട്ടും ഉണ്ട്. മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഏഷ്യയും ആ മേഖലയിലേക്ക് കടക്കുകയാണ്. അടുത്ത വര്‍ഷത്തോടെ 'ഫ്ലൈയിങ് ടാക്സി' ബിസിനസ്സിലേക്ക് കടക്കുമെന്നാണ് എയര്‍ ഏഷ്യ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ തങ്ങളുള്ളത് എന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹ സ്ഥാപകനുപം ആയ ടോണി ഫെര്‍ണാണ്ടസ് പറയുന്നു.
ഫ്ലൈയിങ് ടാക്സിയുടെ ലോഞ്ചിങ്ങിന് ഇനി ഒന്നര വര്‍ഷം മാത്രം കാത്ത് നിന്നാല്‍ മതിയാകും എന്നാണ് ടോണി ഫെര്‍ണാണ്ടസ് പറയുന്നത്. യൂത്ത് എക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ ഡിസ്‌കഷനില്‍ പങ്കെടുക്കവേയാണ് ടോണി ഫെര്‍ണാണ്ടസ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ഏറ്റവും പ്രതിസന്ധിയിലാക്കിയ മേഖലയാണ് വ്യോമയാന മേഖല. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പലവിധ മാര്‍ഗ്ഗങ്ങളാണ് എയര്‍ ഏഷ്യ ഉള്‍പ്പെടെയുള്ളവര്‍ തേടുന്നത്. എയര്‍ ഏഷ്യ അവരുടെ ഡിജിറ്റല്‍ ബിസിനസും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം എയര്‍ ഏഷ്യ ഒരു 'സൂപ്പര്‍ ആപ്പ്' ലോഞ്ച് ചെയ്തിരുന്നു. ഉപഭോക്താക്കള്‍ക്ക് യാത്രായ, ഷോപ്പിങ്, ചരക്ക് നീക്ക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആപ്പ് ആയിരുന്നു ഇത്. സാമ്പത്തിക സേവനങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കിയിരുന്നു. നാല് സീറ്റുകള്‍ ഉള്ളതായിരുന്നു എയര്‍ ഏഷ്യയുടെ ഫ്ലൈയിങ് ടാക്സികള്‍ എന്നാണ് വിവരം. ക്വാഡ കോപ്റ്റര്‍ ആയിരിക്കും ഇതിനായി ഉപയോഗിക്കുക എന്നും ടോണി ഫെര്‍ണാണ്ടസ് അറിയിച്ചിട്ടുണ്ട്. എന്തായാലും സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമാകുന്നതായിരുന്നു എയര്‍ ഏഷ്യയുടെ ഫ്ലൈയിങ് ടാക്സി സേവനങ്ങള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ മറ്റൊരു വന്‍ ഇടപാടില്‍ കൂടി എയര്‍ ഏഷ്യ ഒപ്പുവച്ചിട്ടുണ്ട്. മലേഷ്യന്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ആന്റ് കിയേറ്റിവിറ്റി സെന്ററുമായി ചേര്‍ന്ന് അര്‍ബന്‍ ഡ്രോണ്‍ ഡെലിവറി സര്‍വ്വീസ് വികസിപ്പിച്ചെടുക്കുന്നതിനാണ് ഇത്. മലേഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിയാണ് മലേഷ്യന്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ആന്റ് കിയേറ്റിവിറ്റി സെന്റര്‍.
നമ്മുടെ ഇന്ത്യയിലും ഉണ്ട് ഫ്ലൈയിങ് ടാക്സി. 2021 ജനുവരിയില്‍ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്സി സേലനം ഉദ്ഘാടനം ചെയ്തത്. ചാണ്ഡിഗഢ് വിമാനത്താവളത്തില്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉഡാന്‍ പദ്ധതിയ്ക്ക് കീഴില്‍ ആയിരുന്നു ഇത്.