എയര്‍സെല്‍-മാക്‌സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം; മുന്‍ ധനമന്ത്രിയും മകനും കോടതിയില്‍ കെട്ടിവെക്കേണ്ടത് ഒരു ലക്ഷം രൂപ വീതം

September 05, 2019 |
|
News

                  എയര്‍സെല്‍-മാക്‌സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം; മുന്‍ ധനമന്ത്രിയും മകനും കോടതിയില്‍ കെട്ടിവെക്കേണ്ടത് ഒരു ലക്ഷം രൂപ വീതം

ഡല്‍ഹി:  എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണ് നടപടി. മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണു കേസ്. 

600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സിബിഐയുടെ ആരോപണം. അന്വേഷണവുമായി ഇരുവരും പൂര്‍ണമായും സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി ജാമ്യം അനുവദിച്ചിരിക്കുന്നത്.

രണ്ടുപേരും ഒരുലക്ഷം രൂപവീതം കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.  മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ചിദംബരവും കാര്‍ത്തിയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സി ബി ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കഴിഞ്ഞയാഴ്ച കോടതിയില്‍ അറിയിച്ചിരുന്നു. ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി ബി ഐയും ഇഡിയും കോടതിയില്‍ പറഞ്ഞിരുന്നു.  ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം ഇന്ന് രാവിലെ കോടതി നിരാകരിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved