
ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ പണം തിരികെ നല്‍കുന്നതിന് ട്രാവല്‍ ഏജന്റുമാര്‍ക്കൊപ്പം എയര്‍ലൈനുകളും തുല്യ ഉത്തരവാദിത്തം വഹിക്കണമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. എന്നിരുന്നാലും, എയര്‍ലൈനുകളുടെ റീഫണ്ട് നയത്തില്‍ ഇടപെടാന്‍ അദ്ദേഹം വിസമ്മതിച്ചു. ട്രാവല്‍ ഏജന്റുമാരെ ആശ്രയിക്കുന്ന റീഫണ്ട് പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കും ഉണ്ടാകണമെന്ന് സിന്ധ്യ പറഞ്ഞു. റീഫണ്ട് സമയബന്ധിതമായി തന്നെ ഉപഭോക്താവിന് നല്‍കേണ്ടതുണ്ട്.
എന്നാല്‍ ഓരോ എയര്‍ലൈനുകള്‍ക്കും അതിന്റേതായ റീഫണ്ട് പോളിസി ഉണ്ട്.ചില എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ബുക്കിംഗ് സമയത്ത് അടച്ച മുഴുവന്‍ പണവും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. സര്‍ക്കാര്‍ ഈ വിഷയം തല്ക്കാലം ഏറ്റെടുക്കില്ലെന്നും ആ പ്രവര്‍ത്തനം എയര്‍ലൈനുകള്‍ക്ക് തന്നെ സ്വയം തീരുമാനിക്കാന്‍ അനുവദിക്കുമെന്നും സിന്ധ്യ വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമാണ്. നിരക്കുകള്‍ ഓരോ സംസ്ഥാനത്തിന്റെയും നികുതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 1 മുതല്‍ 30 ശതമാനം വരെ വാറ്റ് (മൂല്യ വര്‍ധിത നികുതി) ഈടാക്കുന്നു. വിമാനങ്ങളുടെ ഏവിയേഷന്‍ ടര്‍ബെന്‍ ഇന്ധനത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളാണ്. അതാതു സംസ്ഥാനങ്ങളുടെ ജി എസ് ടി കൗണ്‍സില്‍ ആണ് ഇതിന്റെ നികുതി ഈടാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇത്തരം കാര്യങ്ങളൊക്കെ ആശ്രയിച്ചായിരിക്കും നിരക്ക് കുറഞ്ഞ കൂടുതല്‍ വിമാനങ്ങളെന്നു അദ്ദേഹം പറഞ്ഞു.