എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കും പണി നല്‍കി ജിയോ; 3050 കോടി രൂപ പിഴ

October 01, 2021 |
|
News

                  എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കും പണി നല്‍കി ജിയോ;  3050 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ജിയോയുടെ പരാതിയില്‍ എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കുമെതിരെ നടപടിയെടുത്ത് ടെലികോം വകുപ്പ്. മൂന്നാഴ്ചക്കുള്ളില്‍ 3050 കോടിയാണ് രണ്ട് കമ്പനികളും ചേര്‍ന്ന് അടയ്‌ക്കേണ്ടത്. എയര്‍ടെല്‍ 1050 കോടി രൂപയും വൊഡഫോണ്‍ ഐഡിയ 2000 കോടിയും അടയ്ക്കണം. ഇന്റര്‍ കണക്ഷന്‍ പോയിന്റ്‌സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ല്‍ തന്നെ രണ്ട് കമ്പനികള്‍ക്കുമെതിരെ പിഴശിക്ഷ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിച്ചത് 2019 ജൂണിലാണ്. എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നില്ല. 2018 ഓഗസ്റ്റില്‍ വോഡഫോണും ഐഡിയയും ലയിക്കുകയും ചെയ്തു. 2016ലാണ് റിലയന്‍സ് ജിയോ ഇന്‍ഫോ കോം ടെലികോം രംഗത്തേക്ക് വന്നത്. തുടക്കത്തില്‍ ഉപഭോക്താക്കള്‍ക്ക് മാസങ്ങളോളം സൗജന്യ കോള്‍ അടക്കം നല്‍കിയായിരുന്നു ഇവര്‍ വിപണിയില്‍ ചുവടുറപ്പിച്ചത്.

ജിയോയുടെ സൗജന്യ സേവനത്തില്‍ അന്ന് തന്നെ എയര്‍ടെലും ഐഡിയയും വൊഡഫോണും എതിര്‍പ്പുന്നയിച്ചിരുന്നുവെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റിയോ ടെലികോം വകുപ്പോ ഇതില്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല. ഇതോടെയാണ് ജിയോക്ക് നല്‍കേണ്ട ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാതെ ലൈസന്‍സ് വ്യവസ്ഥ എതിരാളികളായ കമ്പനികള്‍ ലംഘിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.

സെപ്തംബര്‍ 15 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ടെലികോം സെക്ടറിലെ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൊറട്ടോറിയം അടക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന നിലയിലായ ടെലികോം കമ്പനികള്‍ക്ക് ജീവശ്വാസം നല്‍കുന്ന തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ പിഴശിക്ഷ നല്‍കിയതില്‍ വിപണിയിലാകെ അമ്പരപ്പുണ്ട്. നടപടി ഏകപക്ഷീയമെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. കേസില്‍ ഇരു കമ്പനികളും നിയമ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

Read more topics: # ജിയോ, # Vodafone Idea, # Jio,

Related Articles

© 2025 Financial Views. All Rights Reserved