
ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തിന് കൊടുക്കാനുണ്ടായിരുന്ന 15519 കോടി രൂപ തിരിച്ചടച്ചതിന് എയര്‍ടെലിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞ് ഇന്ന് 661.30 രൂപയിലെത്തി. 2014 ല്‍ നേടിയ സ്‌പെക്ട്രത്തിന്റെ വകയില്‍ ടെലികോം മന്ത്രാലയത്തിന് കൊടുക്കാനുണ്ടായിരുന്ന 15519 കോടി തിരിച്ചടച്ചതാണ് തിരിച്ചടിയായത്.
2014 ല്‍ ടെലിനോര്‍ സ്‌പെക്ട്രം അടക്കം 128.4 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം 19051 കോടി രൂപയ്ക്കാണ് 2014 ല്‍ ലേലത്തിലൂടെ എയര്‍ടെല്‍ വാങ്ങിയത്. 2026-27 സാമ്പത്തിക വര്‍ഷത്തിനും 2031-32 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ അടച്ചുതീര്‍ക്കേണ്ടതായിരുന്നു ഈ തുക. കടം മുന്‍കൂട്ടി അടച്ചതോടെ കുറഞ്ഞത് 3400 കോടിയുടെ പലിശയെങ്കിലും കുറഞ്ഞുകിട്ടുമെന്നതാണ് എയര്‍ടെല്‍ കണക്കുകൂട്ടിയത്. എന്നാല്‍ ബാധ്യത മുന്‍കൂട്ടി തീര്‍ത്തത് നിക്ഷേപകരുടെ ഭാഗത്ത് നിന്നും വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണമായി.
ഇന്ന് ഉച്ചയ്ക്ക് 668 രൂപയിലേക്ക് എയര്‍ടെലിന്റെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. നവംബര്‍ 24 ന് 781.90 രൂപയായിരുന്നു എയര്‍ടെലിന്റെ ഓഹരി വില. 2020 ഡിസംബര്‍ 21 ന് 471.50 രൂപയായിരുന്നു വില. എന്നാല്‍ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ നിന്ന് 14.57 ശതമാനം താഴ്ന്നും 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍ നിന്ന് 41.68 ശതമാനം ഉയര്‍ന്നുമാണ് എയര്‍ടെല്‍ ഓഹരികള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.