റീചാര്‍ജ് നിരക്ക് വീണ്ടും ഉയര്‍ത്തി എയര്‍ടെല്‍; പ്രതിമാസം റീചാര്‍ജില്ലെങ്കില്‍ ഇന്‍കമിങ് കോളും കിട്ടില്ല

December 30, 2019 |
|
News

                  റീചാര്‍ജ് നിരക്ക് വീണ്ടും ഉയര്‍ത്തി എയര്‍ടെല്‍; പ്രതിമാസം റീചാര്‍ജില്ലെങ്കില്‍ ഇന്‍കമിങ് കോളും കിട്ടില്ല

ദില്ലി:റീചാര്‍ജ് നിരക്ക് വീണ്ടും ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാര്‍ജ് നിരക്കാണ് ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവിലെ പ്രതിമാസ റീചാര്‍ജ് നിരക്ക് 35 രൂപയില്‍ നിന്ന് 45 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താവിനും നെറ്റ് വര്‍ക്കില്‍ തുടരണമെങ്കില്‍ എല്ലാമാസവും പത്ത് രൂപ അധികം നല്‍കേണ്ടി വരും. ടെലികോം സേവനങ്ങള്‍ ലഭിക്കുന്നതിന് 28 ദിവസത്തില്‍ ഒരിക്കല്‍ 45 രൂപയോ അതില്‍ കൂടുതലോ വൗച്ചര്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ ഇന്‍കമിങ് കോളുകളും ലഭിക്കില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ എയര്‍ടെല്‍ മിനിമം റീചാര്‍ജ് നിരക്ക് 35 ആയി നിശ്ചയിച്ചിരുന്നു.

ഇതിലൂടെ റീചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും നെറ്റ് വര്‍ക്ക് ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുവരെ കമ്പനി വിതരണം ചെയ്ത ലൈഫ് ടൈം സിമ്മുകളെല്ലാം ഇപ്പോള്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം പ്രതിമാസ റീചാര്‍ജ് ചെയ്തില്ലെങ്കില്‍ ഇന്‍കമിങ് ,ഔട്ട്‌ഗോയിങ് കോളുകള്‍ ലഭിക്കില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റീചാര്‍ജ് ചെയ്തില്ലെങ്കില്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് പതിനഞ്ച് ദിവസം വരെ ഇന്‍കമിങ് കോള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഏഴ് ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. പ്ലാന്‍ കാലാവധി തീര്‍ന്നാല്‍ എയര്‍ടെല്‍ വരിക്കാരന് ഒരാഴ്ച മാത്രമേ ഇന്‍കമിങ് കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെങ്കിലും വരിക്കാര്‍ക്ക് വോയ്‌സ് കോളുകള്‍ സാധിക്കില്ലെന്ന് സാരം. ഓരോ ഉപഭോക്താവില്‍ നിന്നും ശരാശരി വരുമാനം ഉയര്‍ത്താനാണ് കമ്പനിയുടെ പുതിയ തീരുമാനം.  കഴിഞ്ഞ മാസം അവസാനമാണ് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ ,ജിയോ കമ്പനികള്‍ താരിഫ് റേറ്റില്‍ നാല്പത് ശതമാനം വര്‍ധനവ് വരുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved