ഇനി ആലപ്പുഴയിലെ നൂല്‍ മ്യാന്‍മറിലും; 2.02 കോടി രൂപയുടെ കയറ്റുമതി

February 04, 2021 |
|
News

                  ഇനി ആലപ്പുഴയിലെ നൂല്‍ മ്യാന്‍മറിലും;  2.02 കോടി രൂപയുടെ കയറ്റുമതി

തിരുവനന്തപുരം: നൂല്‍ കയറ്റുമതി രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍. 2.02 കോടി രൂപയുടെ 80 കാര്‍ഡഡ് കോട്ടണ്‍ ഹാങ്ക് നൂല്‍ മ്യാന്‍മറിലേക്ക് കയറ്റിയയക്കാനാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് മന്ത്രി ഇപി ജയരാജന്‍. 54,000 കിലോയുടെ ആദ്യഘട്ട ഓര്‍ഡര്‍ മാര്‍ച്ച് 25 ന് മുമ്പായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിലെ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ആധുനികവത്ക്കരമത്തിലൂടെ സ്ഥാപനത്തിന്റെ സ്പിന്‍ഡില്‍ശേഷി 25,200 ആയി വര്‍ധിച്ചു. ഇതിന് പിന്നാലെ ഇവിടെ ഉത്പ്പാദിപ്പിക്കുന്ന നൂലിന്റെ ഗുണമേന്മ കയറ്റുമതി ഏജന്‍സി പരിശോധിച്ച് അംഗീകരിക്കുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയും ചെയ്തു.

വിദേശ കയറ്റുമതി ഒരു വര്‍ഷത്തേക്കെങ്കിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു .ഇത് മില്ലിന്റെ വരുമാനം വര്‍ധിക്കാന്‍ സഹായിക്കും. 2020 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭം സ്വന്തമാക്കാന്‍ സ്ഥാപനത്തിന് സാധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു ജീവനക്കാരന് ശരാശരി 5000 രൂപയോളമാണ് വര്‍ധനവാണ് ഇതോടെ ലഭിക്കുക. ശമ്പള പരിഷ്‌ക്കരണത്തോടെ അറുപതോളം ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച് 75 പുതിയ ജീവനക്കാരെയും നിയമിച്ചതായും മന്ത്രി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved