
ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ വരുമാനത്തില്‍ 51 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നിരീക്ഷകരുടെ അഭിപ്രായത്തേക്കാള്‍ മികച്ച നേട്ടമാണ് ആലിബാബ കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുള്ളത്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍ഷിക വരുമാനം 51 ശതമാനം വര്‍ധിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 13.6 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ഇതോടെ കമ്പനി 2018-2019 സാമ്പത്തിക വര്‍ഷം ആകെ നേടിയത് 56.15 ബില്യണ്‍ ഡോളര്‍ വരുാമനമാണെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2020 ലെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 73 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ചൈനീസ് ഇ-കൊമേഴ്‌സ് വിപണി ആലിബാബ കീഴടക്കിയതോടെ ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് മികച്ച നിലവാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ലൗഡ് ബിസിനസുകളിലടക്കം കമ്പനി മികച്ച നേട്ടം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.