
ഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിനും നിക്ഷേപകരുടെ വികാരങ്ങള്‍ മനസിലാക്കി നടപടിയെടുക്കുന്നതിനുമുള്ള പാക്കേജ് തയാറാക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുമായി വെള്ളിയാഴ്ച്ച ചര്‍ച്ച നടത്തും. ഇതോടെ ഇതില്‍ ഉടലെടുക്കുന്ന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എന്താകുമെന്നാണ് ഏവരും ശ്രദ്ധയോടെ നോക്കിക്കാണുന്നത്.
നികുതി ഉദ്യോഗസ്ഥര്‍ അടക്കം ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രധാന ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മാത്രമല്ല ജൂലൈ 5 ന് അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ച നികുതിയിളവ് പുനരവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ ഈ വേളയില്‍ തയ്യാറാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. നേരത്തെ അവലോകനത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ചിരുന്നു. നികുതിദായകരുടെ ആദായനികുതി വിഹിതത്തിന്മേലുള്ള സര്‍ചാര്‍ജ് വര്‍ദ്ധനവ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന വേളയില്‍ ഇതില്‍ തങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകണമെന്നും നിക്ഷേപകര്‍ ആവശ്യം മുന്നോട്ട് വെക്കും. 2019 ഓഗസ്റ്റ് 1 നാണ് രാഷ്ട്രപതി ധനകാര്യ ബില്‍ (2), നിയമത്തില്‍ ഒപ്പുവച്ചത്.
മുഖ്യമായും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ സര്‍ചാര്‍ജ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന. എക്സിക്യൂട്ടീവ് ഉത്തരവ് പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കോടി രൂപയില്‍ കൂടുതല്‍ (283,045 ഡോളര്‍) വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായനികുതി വര്‍ദ്ധിപ്പിച്ചതാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ഈ മാസത്തെ ആദ്യ രണ്ട് സെഷനുകളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2,881 കോടി രൂപ. ആഗോളതലത്തില്‍ ഉയരുന്ന പ്രതിസന്ധികളും ആഭ്യന്തര സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് വെല്ലുവിളിയാകുന്നത്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്നും 2,632.58 കോടി രൂപയാണ് പിന്‍വലിച്ചത്.
ഡെബ്റ്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 248.52 കോടി രൂപയും. ആകെ ആഗസ്റ്റ് ഒന്നും രണ്ടിനുമായി പിന്‍വലിച്ചത് 2,881.10 കോടി രൂപയാണ്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 31 വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 2,985.88 കോടി രൂപയാണ്. വിദേശ നിക്ഷേപകരുടെ മൂലധന വിപണിയില്‍ നിന്നുളള പിന്‍മാറ്റം വലിയ സമ്മര്‍ദ്ദം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.