
ടാറ്റയുടെ സൂപ്പര്‍ ആപ്പ് ന്യൂ പുറത്തിറങ്ങി. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നവയാണ് സൂപ്പര്‍ ആപ്പുകള്‍. പേയ്ടിഎം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവ, വിവിധ സേവനങ്ങള്‍ നല്‍കുന്ന മിനി സൂപ്പര്‍ ആപ്പുകള്‍ക്ക് ഉദാഹരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ഒരു ആപ്ലിക്കേഷന്‍, സൂപ്പര്‍ ആപ്പ് ആയി തന്നെ പുറത്തിറക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ആദ്യ സൂപ്പര്‍ ആപ്പ് എന്ന്, ടാറ്റ ന്യൂവിനെ വിശേഷിപ്പിക്കാം.
ടാറ്റ ഗ്രൂപ്പിന് കീഴില്‍ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായിരുന്ന സേവനങ്ങള്‍ ഒരൊറ്റ മൊബൈല്‍ ആപ്പിലേക്ക് കൊണ്ടുവരുകയാണ് ടാറ്റ ന്യൂ. ബിഗ് ബാസ്‌കറ്റ്, ടാറ്റ ക്ലിക്ക്, ടാറ്റ 1എംജി, ടാറ്റ പ്ലെ, ക്രോമ, ഐഎച്ച്സിഎല്‍ തുടങ്ങിയ ആപ്പുകളെല്ലാം ടാറ്റ ന്യൂവില്‍ ലഭ്യമാണ്.
പഴയ ആപ്പുകളെ പുതിയ പ്ലാറ്റ്ഫോമില്‍ ഒന്നിപ്പിക്കുക മാത്രമല്ല ടാറ്റ ചെയ്തത്. യുപിഐ, ഫൂഡ് ഡെലിവറി, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ബില്‍ പേയ്മെന്റ് ഇന്‍ഷുറന്‍സ്, ബൈ നൗ പേ ലേറ്റര്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ടാറ്റ ന്യൂവില്‍ ലഭ്യമാണ്. ക്രെഡിറ്റ് സ്‌കോര്‍ അറിയല്‍, ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ആപ്പില്‍ വൈകാതെ എത്തും.
ആപ്പിലെ ഷോപ്പിംഗിന് ലഭിക്കുന്ന റിവാര്‍ഡ് ആണ് ടാറ്റ ന്യൂകോയിന്‍. ഫ്‌ലിപ്കാര്‍ട്ടിലുള്‍പ്പടെ ഇത്തരത്തിലുള്ള കോയിനുകള്‍ ഉണ്ട്. മറ്റ് ആപ്പുകള്‍ നല്‍കുന്ന റിവാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ടാറ്റ ന്യൂകോയിന്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം. അതായത് കോയിനുകള്‍ ടാറ്റ ന്യൂവില്‍ തന്നെ ചെലവഴിക്കണം എന്ന് നിര്‍ബന്ധമില്ല.
എല്ലാ പര്‍ച്ചേസുകള്‍ക്കും ആകെ തുകയുടെ കുറഞ്ഞത് 5 ശതമാനം ന്യൂകോയിന്‍ ലഭിക്കും. ഒരു ന്യൂകോയിന്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. ടാറ്റ പേ വഴി യുപിഐ സേവനങ്ങള്‍ നടത്തുന്ന സമയത്തോ കടകളില്‍ ബില്ലിംഗിന്റെ സമയത്ത് നേരിട്ട് പറഞ്ഞോ ന്യൂകോയിനുകള്‍ റെഡീം ചെയ്യാം. നിലവില്‍ സ്റ്റാര്‍ബക്ക്സ്, ടാറ്റ പ്ലെ, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയ്ക്ക് ടാറ്റ ന്യൂകോയിന്‍ റിവാര്‍ഡായി ലഭിക്കില്ല.
കഴിഞ്ഞ വര്‍ഷം മുതല്‍ ടാറ്റയിലെ ജീവനക്കാര്‍ ഈ സൂപ്പര്‍ ആപ്പ് പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നു. അടുത്തിടെ ടാറ്റ ജീവനക്കാര്‍ക്ക് ഇന്‍വിറ്റേഷനിലൂടെ അഞ്ച് പേര്‍ക്ക് ടാറ്റന്യൂ ആപ്പ് നല്‍കാനുള്ള അവസരവും കമ്പനി ഒരുക്കി. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്. വരും നാളുകളില്‍ അപ്ഡേറ്റുകളിലൂടെ കൂടുതല്‍ സേവനങ്ങളും ടാറ്റ അവതരിപ്പിക്കും എന്ന് തീര്‍ച്ചയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഹെല്‍ത്ത്-വാഹന ഇന്‍ഷുറന്‍സ്, ഒടിടി സേവനങ്ങള്‍, മൂവി ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയവയൊന്നും ടാറ്റ ന്യൂവില്‍ നിലവില്‍ ഇടംപിടിച്ചിട്ടില്ല.