
സേവനങ്ങള്‍ പരിമിതപ്പെടുത്തിയ ടെലികോം കമ്പനികളുടെ നടപടിക്കെതിരേ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ (ട്രായ്) രംഗത്ത്. എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും അവരുടെ താരിഫ് ഓഫര്‍, വൗച്ചറുകള്‍ അല്ലെങ്കില്‍ തെരഞ്ഞെടുത്ത പ്ലാനുകള്‍ എന്നിവ പരിഗണിക്കാതെ തന്നെ പോര്‍ട്ട് ഔട്ട് എസ്എംഎസ് സൗകര്യം ഉടന്‍ പ്രവര്‍ത്തനക്ഷമം ആക്കണമെന്നാണു നിര്‍ദേശം. വോഡഫോണ്‍ ഐഡിയ പുതിയ താരിഫ് ഘടന വഴി എന്‍ട്രി ലെവല്‍ ഉപഭോക്താക്കളെ പോര്‍ട്ടിങ് നടപടികളില്‍നിന്നു പരിമിതപ്പെടുത്തുന്നുവെന്ന് ആരോപിച്ച് റിലയന്‍സ് ജിയോ അടുത്തിടെ റെഗുലേറ്ററിനെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രായ് രംഗത്തെത്തിയത്.
പോര്‍ട്ടിങ് തടയുന്നതിനായി ചില ടെലികോം സേവന ദാതാക്കള്‍ പ്രീപെയ്ഡ് വൗച്ചറുകളില്‍ ഔട്ട്‌ഗോയിങ് എസ്എംഎസ് സൗകര്യം നല്‍കുന്നില്ലെന്നു ട്രായ് വിലയിരുത്തി. മതിയായ ബാലന്‍സ് ഉണ്ടായിരുന്നിട്ടും മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള യുപിസി (യുണീക് പോര്‍ട്ടിങ് കോഡ്) ജനറേഷനായി '1900' എന്ന നമ്പറിലേക്ക് എസ്എംഎസ് കഴിയുന്നില്ലെന്ന തരത്തില്‍ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച പുറത്തുവിട്ട നിര്‍ദേശങ്ങളില്‍ ട്രായ് വ്യക്തമാക്കി. എല്ലാ പ്രീ പെയിഡ്, പൊസ്റ്റ് പെയിഡ് ഉപയോക്താക്കള്‍ക്കും 2009ലെ ടെലികമ്മ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി റെഗുലേഷന്‍സ് പ്രകാരം പോര്‍ട്ടിങ് സൗകര്യം ഉടനടി സേവനദാതാക്കള്‍ ഉറപ്പു വരുത്തണമെന്നു ട്രായ് നിര്‍ദേശിച്ചു.
പ്രീപെയ്ഡ് വൗച്ചറുകളിലും പ്ലാനുകളിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട എസ്എംഎസ് അയയ്ക്കാനുള്ള സൗകര്യം നല്‍കാത്തത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞമാസം എയര്‍ടെല്ലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. നിരക്കുകളില്‍ 18- 25 ശതമാനം വര്‍ധന വരുത്തുന്നതിനൊപ്പം ചില പ്ലാനുകളും കമ്പനി പരിഷ്‌കരിച്ചിരുന്നു. ഇതു പ്രകാരം 75 രൂപയ്ക്കു ലഭിച്ചിരുന്ന 28 ദിവസം കാലവധിയുള്ള അടിസ്ഥാന പ്ലാനിന്റെ ചെലവ് 99 രൂപയാക്കി. കൂടാതെ പ്ലാനിനൊപ്പം മുമ്പ് നല്‍കിയിരുന്ന എസ്എംഎസ് സേവനവും റദ്ദാക്കിയിരുന്നു. 179 രൂപയ്ക്കു മുകളിലുള്ള പ്ലാനുകള്‍ക്കു മാത്രമാണ് വോഡഫോണ്‍ ഐഡിയ എസ്എംഎസ് സേവനം നല്‍കുന്നതെന്നും ജിയോ ട്രായിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.