കൊറോണ തൊഴില്‍ സാഹചര്യങ്ങളും അവസരങ്ങളും അട്ടിമറിച്ചു

September 14, 2021 |
|
News

                  കൊറോണ തൊഴില്‍ സാഹചര്യങ്ങളും അവസരങ്ങളും അട്ടിമറിച്ചു

കൊറോണ വൈറസ് പകര്‍ച്ചവ്യാധി രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളിലും അവസരങ്ങളിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അനേകം പ്രൊഫഷണലുകളുടെ തൊഴില്‍ നഷ്ടമായി, പല ആളുകളും തങ്ങളുടെ കരിയറിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും ചെയ്തു. കൊവിഡ് -19 കാരണം ഇന്ത്യയിലെ മൂന്ന് തൊഴിലന്വേഷകരില്‍ രണ്ടുപേരെങ്കിലും തങ്ങള്‍ ലക്ഷ്യം വച്ചിരുന്ന/തൊഴില്‍ ചെയ്യുന്ന മേഖല മാറാന്‍ താല്‍പര്യപ്പെടുന്നു. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ അവരുടെ കരിയറില്‍ മുന്നേറാനുളള മാര്‍ഗ്ഗങ്ങള്‍ തേടുന്നു. ഇതിനായി, 90 ശതമാനം പേരും പുതിയ സ്‌കില്‍ ട്രെയിംഗിന് താല്‍പര്യം കാണിക്കുന്നതായി ആമസോണ്‍ ജോബ് സീക്കര്‍ ഇന്‍സൈറ്റ് സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ ജോലികളിലും ഭാവിയിലെ കരിയര്‍ പദ്ധതികളിലും കൊവിഡ് -19 ന്റെ സ്വാധീനം മനസ്സിലാക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനി നിയോഗിച്ച സര്‍വേയുടെ കണ്ടെത്തലുകള്‍ ആമസോണ്‍ പങ്കിട്ടു. ആഗോള ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് 2021 ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 23 വരെ നടത്തിയ പഠനത്തില്‍ ഇന്ത്യയിലുടനീളം മുതിര്‍ന്ന 1000 പ്രൊഫഷണലുകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ പുതിയതും വ്യത്യസ്തവുമായ ജോലികള്‍ക്കായി തിരയുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു, അവരില്‍ 59 ശതമാനം പേരും സജീവമായി പുതിയ ജോലി തേടുന്നു. കൊവിഡ് -19 ന്റെ ഫലമായി ഇന്ത്യയില്‍ ജോലി ചെയ്യുന്ന 3 ല്‍ 1 ല്‍ കൂടുതല്‍ (35 ശതമാനം) പ്രൊഫഷണലുകളുടെയും ശമ്പളത്തില്‍ കുറവുണ്ടായി. പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ മൂലം 3 ല്‍ 2 ല്‍ കൂടുതല്‍ (68 ശതമാനം) തൊഴിലന്വേഷകര്‍ വ്യവസായങ്ങള്‍ മാറാന്‍ നോക്കുന്നു. അവരില്‍ 3 ല്‍ 1 (33 ശതമാനം) ഇപ്പോള്‍ ഒരു പുതിയ ജോലി തേടുന്നു, അവിടെ അവര്‍ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ ജോലി ചെയ്യാന്‍ കഴിയും എന്ന പ്രതീക്ഷയെ മുന്‍നിര്‍ത്തിയാണിത്.

ഇന്ത്യയിലെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ തിരയല്‍ പ്രക്രിയയെക്കുറിച്ച് പുതിയ ആശങ്കകളുണ്ട്. 51 ശതമാനം തൊഴിലന്വേഷകരും തങ്ങള്‍ ജോലി ചെയ്ത വ്യവസായങ്ങളില്‍ തന്നെ അവസരങ്ങള്‍ നേടാന്‍ താല്‍പ്പര്യപ്പെടുന്നു. പാന്‍ഡെമിക്കിനെത്തുടര്‍ന്ന് 56 ശതമാനം പേര്‍ക്കും തൊഴില്‍ സുരക്ഷ ഒരു പ്രധാന മുന്‍ഗണനാ വിഷയമായി മാറിയിട്ടുണ്ട്. പകുതി പ്രൊഫഷണലുകള്‍ക്ക് (49 ശതമാനം), ഒരു ജോലി പരിഗണിക്കുമ്പോള്‍ അവര്‍ക്ക് പഠിക്കാനും സ്വയം വികസിപ്പിക്കാനും സഹായിക്കുന്ന അവസരങ്ങള്‍ക്കാണ് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. 47 ശതമാനം പ്രൊഫഷണലുകള്‍ക്ക്, ജോലി പരിഗണിക്കുമ്പോള്‍ സുരക്ഷിതമായ ജോലിസ്ഥലത്തെ അന്തരീക്ഷം ഉയര്‍ന്ന മുന്‍ഗണനയാണ്.

കൂടാതെ, 75 ശതമാനം പ്രൊഫഷണലുകളും അവരുടെ നിലവിലെ കഴിവുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെടുമെന്ന് ആശങ്കപ്പെടുന്നു. അവരില്‍ 90 ശതമാനവും പുതിയ കരിയര്‍ കഴിവുകള്‍ പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. 74 ശതമാനം പേരും ഈ താല്‍പ്പര്യം അവരില്‍ ഉയര്‍ന്നു വരാന്‍ കാരണം കൊവിഡ് -19 പകര്‍ച്ചവ്യാധി സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, ഇന്ത്യയിലെ 45 ശതമാനം പ്രൊഫഷണലുകളും കരിയര്‍ മുന്നേറ്റത്തിന് സാങ്കേതികവും ഡിജിറ്റല്‍ വൈദഗ്ധ്യവും അനിവാര്യമാണെന്ന് വിശ്വസിക്കുന്നു, 38 ശതമാനം പേരും കരിയര്‍ മുന്നേറ്റത്തിന് മാര്‍ക്കറ്റിംഗ് സ്‌കില്ലുകള്‍ പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ജോലി ചെയ്യുന്ന മുതിര്‍ന്ന പ്രൊഫഷണലുകളില്‍ 76 ശതമാനം പേര്‍ക്കും ഇതിനകം തൊഴിലുടമകള്‍ നല്‍കുന്ന അധിക പരിശീലനത്തിലൂടെ കരിയറില്‍ മുന്നേറാനുളള പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവരില്‍ 93 ശതമാനവും ഇതിനകം പരിശീലനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്, 97 ശതമാനം പേര്‍ കൂടുതല്‍ തൊഴില്‍ പരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യന്‍ തൊഴിലന്വേഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ആശങ്കകളും അഭിലാഷങ്ങളും താല്‍പ്പര്യങ്ങളും പഠനം അടിവരയിടുന്നു, കൊവിഡ് -19 പകര്‍ച്ചവ്യാധി തൊഴില്‍ സംസ്‌കാരത്തിലും തൊഴില്‍ തെരഞ്ഞെടുപ്പുകളിലും തൊഴില്‍ വിപണിയിലും വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയില്‍ പ്രസക്തമായി തുടരുന്നതിന് നൈപുണ്യ വികസനത്തിനാണ് പ്രൊഫഷണലുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Related Articles

© 2021 Financial Views. All Rights Reserved