
ന്യൂഡല്‍ഹി: നിര്‍ണ്ണായക പ്രഖ്യാപനവുമായി വേദാന്ത അലൂമിനിയം. കോവിഡ് മഹാമാരി കാര്യമായി ബാധിക്കാത്ത കമ്പനി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 'ബാക്ക്‌വേഡ് ഇന്റഗ്രേഷ'നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, പ്ലാന്റുകള്‍ക്ക് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഒഡീഷയില്‍ രണ്ട് ഖനികളില്‍ നിന്നുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നും വേദാന്ത അലൂമിനിയം ബിസിനസിന്റെ സിഇഒ രാഹുല്‍ ശര്‍മ്മ പറഞ്ഞു. കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ സംയോജനത്തിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും, ചെലവു ചുരുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് 'ബാക്ക്‌വേഡ് ഇന്റഗ്രേഷന്‍.
കൂടാതെ, രണ്ടു ഖനികള്‍ (ജംഖാനി, രാധികാപൂര്‍ കല്‍ക്കരി ഖനികള്‍) അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ അലൂമിനാ റിഫൈനറിയുടെ വിപുലീകരണം പ്രതിവര്‍ഷം രണ്ട് ദശലക്ഷം ടണ്ണില്‍ നിന്ന് അഞ്ച് ദശലക്ഷം ടണ്ണായി വിപുലീകരിക്കുന്നത് ഷെഡ്യൂള്‍ അനുസരിച്ച് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേദാന്തയുടെ ഗ്രൂപ്പ് സ്ഥാപനമായ ബാല്‍കോയുടെ ശേഷി 0.56 ദശലക്ഷം ടണ്ണില്‍ നിന്ന് ഒരു ദശലക്ഷം ടണ്‍ ആയി ഉയരും.
അലൂമിനിയം ബില്ലറ്റുകളുടെ മുന്‍നിര നിര്‍മ്മാതാക്കളും, കയറ്റുമതിക്കാരുമാണ് വേദാന്ത അലൂമിനിയം ബിസിനസ്. വേദാന്ത ലിമിറ്റഡിന്റെ ഒരു ഡിവിഷനായ ഇത് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം ഉല്‍പ്പാദകരും, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാതാക്കളുമാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1.97 ദശലക്ഷം ടണ്‍ അലൂമിനിയമാണ് ഇവര്‍ ഉല്‍പ്പാദിപ്പിച്ചത്. ഇന്ത്യയിലെ അലൂമിനിയം ഉല്‍പ്പാദനത്തിന്റെ ഏകദേശം പകുതിയാണിത്.