
ബെംഗളുരു: രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 735 കോടി രൂപ (100 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തിയേക്കും. അതിവേഗം വളരുന്ന ഓണ്‍ലൈന്‍ മരുന്ന് വിപണിയില്‍ റിലയന്‍സിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം.
പ്രമുഖ ഓണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ടാറ്റ ഗ്രൂപ്പ് ഇ-ഫാര്‍മസി ഓഹരികള്‍ സ്വന്തമാക്കാന്‍ ചില കമ്പനികളുമായി ചര്‍ച്ച നടത്തിവരുകയാണ്.
ആമസോണ്‍ നിലവില്‍ മരുന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആമസോണോ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പോ തയ്യാറായിട്ടില്ല. വന്‍ ശക്തികള്‍ ഇ-ഫാര്‍മസി രംഗത്തേക്ക് കടന്നുവരുന്നത് നിലവിലെ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്.