
ഇന്ത്യയിലും ആഫ്രിക്കയിലും പ്രവര്‍ത്തിക്കുന്ന ലിസ്റ്റഡ് സ്ഥാപനമായ മെട്രോപോളിസ് ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും. ഓഹരി വില്‍പ്പനയിലൂടെ 300 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാനാണ് മെട്രോപോളിസ് ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെയും സെക്കന്ററി ഓഹരികളിലൂടെയും ആവും പണം സമാഹരിക്കുക.
1.1 ബില്യണ്‍ ഡോളറാണ് മെട്രോപോളിസിന്റെ വിപണി മൂല്യം. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടും അപ്പോളോ ഹോസ്പിറ്റല്‍സും മെട്രോപോളിസുമായി കരാറില്‍ ഒപ്പുവെച്ചു എന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രഥമിക ചര്‍ച്ചകളാണ് ആമസോണ്‍ നടത്തിയത്. മറ്റ് ആഗോള നിക്ഷേപകരും മെട്രോപോളിസിന്റെ ഓഹരികള്‍ വാങ്ങിയേക്കും. ഇന്ത്യയിലും ആഫ്രിക്കയിലുമായി മൂവായിരത്തിലധികം ലാബുകളാണ് മെട്രോപോളിസിന് ഉള്ളത്. 1981ല്‍ മുംബൈ ആസ്ഥാനമായി സുശീല്‍ ഷാ ആരംഭിച്ച സ്ഥാപനമാണ് മെട്രോപോളിസ്. കമ്പനിയുടെ 50 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത് സുശീല്‍ ഷായുടെ മകള്‍ അമീര ഷാ ആണ്.
കോവിഡിനെ തുടര്‍ന്ന് രോഗ നിര്‍ണയങ്ങള്‍ക്ക് ലാബിനെ ആശ്രയിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചിരുന്നു. ഇത് കണക്കിലെടുത്ത് 1800 കളക്ഷന്‍ സെന്ററുകളും 200 മേഖലകളില്‍ ഹോം കളക്ഷന്‍ സേവനവും ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മെട്രോപോളിസ്. കഴിഞ്ഞ വര്‍ഷം ഹൈടെക്ക് ഡൈഗ്‌നോസ്റ്റിക് സെന്ററിനെ 82 മില്യണ്‍ ഡോളറിന് മെട്രോപോളിസ് ഏറ്റെടുത്തിരുന്നു. അതേ സമയം ഇന്ന് 1.01 ശതമാനം ഇടിഞ്ഞ് 1754.60 രൂപയിലാണ് മെട്രോപോളിസ് ഓഹരികളുടെ വ്യാപാരം.