
ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് കരാര്‍ പ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ ഓഹരികള്‍ വാങ്ങുന്നതിന് 15 പ്രമുഖ കമ്പനികള്‍ക്ക് വിലക്ക്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ ആസ്തികള്‍ റിലയന്‍സിന് വിറ്റ നടപടി ആമസോണ്‍ പരാതിയെ തുടര്‍ന്ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ തടഞ്ഞിരുന്നു. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ റിലയന്‍സിന് മാത്രമല്ല വിലക്ക് എന്നാണ് വ്യക്തമാകുന്നത്.
ഫ്യൂച്ചര്‍ ഗ്രൂപ്പ് ആമസോണുമായി ഒപ്പിട്ട കരാര്‍ പ്രകാരം ഓണ്‍ലൈനായോ ഓഫ്ലൈന്‍ ആയോ റീട്ടെയ്ല്‍ ബിസ്സിനസ്സ് രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കൊന്നും ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ ഓഹരികളോ ആസ്തികളോ വാങ്ങാനാകില്ല. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികളെ അടക്കമാണ് കരാറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
റിലയന്‍സിനെ കൂടാതെ വാള്‍മാര്‍ട്ട്, ഗൂഗിള്‍, സൊമാറ്റോ, ആലിബാബ, സോഫ്ററ് ബാങ്ക്, ഇബേ, പേടിഎം, ടാര്‍ജെറ്റ്, സ്വിഗ്ഗി, നാസ്പേര്‍സ് എന്നിങ്ങനെ 15 കമ്പനികളെയാണ് കരാറില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നത്. കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുളള ഫ്യൂച്ചര്‍ ഗ്രൂപ്പ് ആഗസ്റ്റിലാണ് കമ്പനി ആസ്തികള്‍ റിലയന്‍സിന് കൈമാറാനുളള കരാറിലെത്തിയത്. 24,713 കോടിയുടേതായിരുന്നു ഇടപാട്.
ഈ നീക്കത്തിന് എതിരെ ആമസോണ്‍ നിയമനടപടിയിലേക്ക് നീങ്ങുകയായിരുന്നു. 2019ല്‍ ഫ്യൂച്ചര്‍ കൂപ്പണ്‍ ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ആമസോണ്‍ വാങ്ങിയിരുന്നു. ഈ ഇടപാടിലൂടെ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ 5 ശതമാനം ഓഹരികള്‍ കൂടി ആമസോണിന് ലഭിക്കുകയുണ്ടായി. ഈ കരാര്‍ പ്രകാരം റിലയന്‍സ് അടക്കമുളള കമ്പനികള്‍ക്ക് ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആസ്തികള്‍ കൈമാറ്റം ചെയ്യുക സാധ്യമല്ല എന്നാണ് ആമസോണ്‍ വാദിക്കുന്നത്.
ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകളില്‍ സമാന ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഓഹരി കൈമാറ്റം ചെയ്യരുത് എന്ന് ധാരണയുണ്ടാക്കുന്നത് സാധാരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ആ നിയന്ത്രണത്തിന് പരിധിയുണ്ട്. സമാന ബിസിനസ്സിലുളള എല്ലാവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് പ്രായോഗികമല്ലെന്നും കോടതിയുടെ വിലക്കിന് സാധുത ഇല്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.