
മുംബൈ: ആഗോള ഐടി ഭീമന്മാര്‍ക്കടക്കം ഇപ്പോള്‍ ഉന്നം ഇന്ത്യയാണ്. വാണിജ്യ മേഖലയില്‍ തിരിച്ചടി നേരിടുമ്പോഴും ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് വമ്പന്മാര്‍. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ റീട്ടെയില്‍ ചെയിനായ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്താന്‍ ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ഒരുങ്ങുന്നത്. രാജ്യത്തെ റീട്ടെയില്‍ രംഗത്ത് നിലനില്‍ക്കുന്ന മത്സരത്തിനിടയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ മുന്‍നിരയിലെത്തിക്കാനാണ് നീക്കം.
ഫ്യുചര്‍ കൂപ്പണില്‍ 49 ശതമാനമാണ് ആമസോണിന് ഓഹരിയുള്ളതായി കണക്കാക്കപ്പെടുന്നത്. ഫ്യൂച്ചര്‍ റീട്ടെയിലില്‍ കണ്‍വേര്‍ട്ടിബിള്‍ വാറന്റായി ഏകദേശം 7.3 ശതമാനം ഓഹരി ആമസോണ്‍ കൈയ്യാളുന്നുണ്ട്. ഇന്ത്യന്‍ റീട്ടെയില്‍ ബിസിനസില്‍ ആമസോണ്‍ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണിത്. 293 ബിഗ് ബസാര്‍ സ്റ്റോറുകളടക്കം 1500 സ്‌റ്റോറുകളാണ് ഫ്യൂചര്‍ റീട്ടെയിലിന് ഇപ്പോഴുള്ളത്.
വാള്‍മാര്‍ട്ട്- ഫ്‌ളിപ്പ്കാര്‍ട്ട്, മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ എന്നിവയാണ് ഇപ്പോള്‍ റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്ന മറ്റ് കമ്പനികള്‍. ഈ വേളയിലാണ് റിലയന്‍സിന്റെ വാര്‍ഷിക മീറ്റിങ്ങില്‍ രാജ്യത്തെ റീട്ടെയില്‍ രംഗത്തേക്ക് 30 മില്യണ്‍ കിരാനാ സ്റ്റോറുകള്‍ കൂടി ആരംഭിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നത്.
ഇതുവഴി 700 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് റീട്ടെയില്‍ 1.3 ട്രില്യണ്‍ രൂപ വിറ്റുവരവ് നേടിയിരുന്നു.