
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിലെ ഓഹരി യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ആമസോണിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആഴ്ച ആദ്യം ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ് ചര്‍ച്ചയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ ഓഹരികള്‍ ഈടായി നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ മാര്‍ച്ചില്‍ വീഴ്ച വരുത്തിയിരുന്നു. ഇത് ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ ഓഹരി വിലയെയും ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുള്ളത്.
അടുത്തിടെ, റേറ്റിംഗ് ഏജന്‍സികളായ സ്റ്റാന്‍ഡേര്‍ഡ് & പുവേര്‍സ്, ഫിച്ച് എന്നിവ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ ക്രെഡിറ്റ് റേറ്റിംഗുകള്‍ വെട്ടിക്കുറച്ചിരുന്നു. ഇരു കമ്പനികളും ഔദ്യോഗികമായി ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2019 ഡിസംബര്‍ അവസാനത്തിലെ കണക്കുപ്രകാരം, ഫ്യൂച്ചര്‍ കോര്‍പ്പറേറ്റ് റിസോഴ്സസും ഫ്യൂച്ചര്‍ കൂപ്പണ്‍സും ഉള്‍പ്പെടുന്ന പ്രൊമോട്ടര്‍ ഗ്രൂപ്പിന് ഫ്യൂച്ചര്‍ റീട്ടെയ്ലില്‍ 47.02 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
400 നഗരങ്ങളിലായി മൊത്തം 16 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 1,500 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ലിനുണ്ട്. വലിയ ഫോര്‍മാറ്റ് സ്റ്റോറുകള്‍, ബിഗ് ബസാര്‍ ശൃംഖല, ചെറിയ പലചരക്കു കടകളുടെ ശൃംഖലകള്‍, ഈസിഡേ ക്ലബ്, ഹെറിറ്റേജ് ഫ്രെഷ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണ്‍ ഡോട്ട് കോം, എന്‍വി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് എല്‍എല്‍സി എന്നിവ ചേര്‍ന്ന് ഫ്യൂച്ചര്‍ കൂപ്പണ്‍സിലെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ഫ്യൂച്ചര്‍ റീട്ടെയ്ല്‍സ് ഓഹരി വിപണിയില്‍ അറിയിച്ചിരുന്നു. ഇടപാടിന്റെ തുക വെളിപ്പെടുത്തിയിരുന്നില്ല. ആ ഘട്ടത്തില്‍ ഫ്യൂച്ചര്‍ കൂപ്പണ്‍സിന് ഫ്യൂച്ചര്‍ റീട്ടെയ്ലില്‍ 7.3 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. കരാറിനു ശേഷം മൂന്നു മുതല്‍ 10 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ മുഴുവന്‍ പ്രൊമോട്ടര്‍ വിഹിതവും ആമസോണിന് സ്വന്തമാക്കാനുള്ള അവസരവും അന്ന് കരാറില്‍ നല്‍കിയിട്ടുണ്ട്.