
ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ഉത്സവകാല വില്‍പ്പന ഓഫറുകള്‍ പുറത്ത് വിട്ടത് ഒരാഴ്ച മുമ്പാണ്. തൊട്ടു പിന്നാലെ ഓഫര്‍ വില്‍പ്പനയുടെ സൂചന നല്‍കി മുഖ്യ എതിരാളിയായ ആമസോണും എത്തിയിരിക്കുകയാണ്. ഫ്‌ലിപ്കാര്‍ട്ടിന് സമാനമായി തന്നെ വിവിധ വിഭാഗങ്ങളില്‍ 80 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്ന വില്‍പനയാകും ആമസോണും സംഘടിപ്പിക്കുക. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് എല്ലാവര്‍ഷത്തെയും ഈ ഉത്സവകാല വില്‍പ്പന.
ഫ്‌ലിപ്കാര്‍ട്ട് ഉത്സവകാല വില്‍പ്പനയായ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തിയതികള്‍ പുറത്ത് വിട്ടിരുന്നില്ല. ആമസോണും തിയതികള്‍ പ്രഖ്യാപിക്കാതെ തന്നെയാണ് ഓഫര്‍ വില്‍പ്പനയുടെ സൂചനകള്‍ നല്‍കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭിക്കും.
തുണിത്തരങ്ങള്‍ മറ്റ് ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയും കുറഞ്ഞ ചെലവില്‍ വാങ്ങാം. ആമസോണ്‍ പേയിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ജോയിനിങ് ബോണസായി 750 രൂപയും വാലറ്റില്‍ ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കുമുണ്ട് ഇളവുകള്‍. അഞ്ച് ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് പലിശ രഹിത ഇഎംഐ ഓഫര്‍ ചെയ്യും. ഒരു ലക്ഷം രൂപ വരെയാണിത്..
ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി ആമസോണ്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.. 25,000 രൂപ വരെയുള്ള തുകയില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ സംഘടിപ്പിക്കും. എല്ലാ വര്‍ഷത്തെയും പോലെ, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും സാധാരണ അംഗങ്ങള്‍ക്കും കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ലഭിക്കും. പ്രൈം അംഗത്വം ലഭിക്കാന്‍ മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയുമാണ് നല്‍കേണ്ടത്. ആമസോണ്‍ പ്രൈം വെബ്‌സൈറ്റിലുടെ അംഗത്വമെടുക്കാം. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങി ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന വിഭാഗങ്ങളില്‍ വമ്പിച്ച ഡിസ്‌കൗണ്ട് ഫ്‌ലിപ്കാര്‍ട്ടും നല്‍കിയേക്കും.
റിയല്‍മി 4 കെ സ്മാര്‍ട്ട് ടിവിയുടെ ലോഞ്ചിങ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്മാര്‍ട്ട് ടിവി ഫ്‌ലിപ്കാര്‍ട്ടി ഓഫറില്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.. അതേസമയം ടിവിയുടെ യഥാര്‍ത്ഥ വില എത്രയാണെന്നത് പുറത്ത് വിട്ടിട്ടില്ല. ഫ്‌ലിപ്കാര്‍ട്ട് ഉത്സവകാല വില്‍പ്പനയായ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ 10-70 ശതമാനം വരെ കിഴിവില്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചേക്കും എന്നാണ് സൂചന. പ്രത്യേക ഓഫറുകള്‍ക്കായി ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പേടിഎം ഉപഭോക്താക്കള്‍ക്കും ക്യാഷ് ബാക്ക് ഉള്‍പ്പെടെ അധിക ഓഫര്‍ ലഭിച്ചേക്കും.