
ഫ്ളിപ്കാര്‍ട്ടിനു പിന്നാലെ ആമസോണും ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന മാസങ്ങള്‍ ഇ-കൊമേഴ്സ് പോര്‍ട്ടലുകളെ സംബന്ധിച്ചു യുദ്ധകാലമാണ്. ഏറ്റവും കൂടുതല്‍ വില്‍പ്പന കൈവരിക്കാനുള്ള യുദ്ധം. ഉത്സവ സീസണോടനുബന്ധിച്ചു രാജ്യത്ത് 1,10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു യു.എസ്. റീട്ടെയില്‍ ഭീമനായ ആമസോണിന്റെ പ്രഖ്യാപനം. 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു ഫ്ളിപ്കാര്‍ട്ടും ഫ്ളിപ്കാര്‍ട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന്‍ത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ടൈം, ഫുള്‍ടൈം തൊഴിലന്വേഷകര്‍ക്കു മികച്ച അവസരമാണിത്.
പുതിയ നിയമനങ്ങളില്‍ ഭൂരിഭാഗവും ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് നെറ്റ് വര്‍ക്കിലാകും. ശേഖരണം, പാക്കിങ്, വിതരണം എന്നീ മേഖലകളില്‍ ഒഴിവുണ്ടാകും. ഇന്‍സന്റീവ് പദ്ധതിയും ഉത്സവസീസണിനോട് അനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മികച്ച രീതിയല്‍ ജോലി ചെയ്താല്‍ മികച്ച വരുമാനം ലഭിക്കും. പുതിയ നിയമനങ്ങളില്‍ ഓണ്‍ലൈന്‍ ജോലികളുമുണ്ട്. ടെലി മാര്‍ക്കറ്റിങ്ങും ഉപഭോക്തൃ സേവനവുമാകും പ്രധാനം. ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാം. ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ച 8,000 തൊഴിലവസരങ്ങക്കു പുറമേയാണു പുതിയ പ്രഖ്യാപനം.
2025 ഓടെ രാജ്യത്ത് ഒരു പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ആമസോണ്‍ ഇന്ത്യയുടെ ലക്ഷ്യം. ഉത്സവസീസണില്‍ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ വന്‍വര്‍ധനയാണ് ഉണ്ടകാറുള്ളത്. ഓഫറുകള്‍ തന്നെയാണ് ഇതിനു കാരണം. സെക്കന്‍ഡില്‍ എത്ര ഓര്‍ഡറുകള്‍ സ്വീകരിച്ചെന്നാണു ഈ സമയത്ത് കമ്പനി ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ആവശ്യകതയ്ക്കനുസരിച്ച് ഉയരാന്‍ കമ്പനിക്കായിരുന്നില്ല. ജീവനക്കാരുടെ കുറവായിരുന്നു ഇതിനു പ്രധാന കാരണം. ഇത്തവണ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മികച്ച വരുമാനം കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. 2021 -ല്‍ ആമസോണ്‍ ഇന്ത്യ വിതരണ ശൃംഖലയും വിപുലീകരിച്ചിരുന്നു. നിലവില്‍ 15 സംസ്ഥാനങ്ങളിലായി 60 ഓളം സേവന കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്.
അതേസമയം ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ഓഫര്‍ വില്‍പ്പനകള്‍ക്കു രാജ്യത്ത് ഉടന്‍ നിയന്ത്രണം വന്നേക്കുമെന്നാണു റിപ്പോര്‍ട്ടു. ഇതിനായുള്ള ഇ- കൊമേഴ്‌സ് നയം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പോര്‍ട്ടലുകളുടെ ഓഫര്‍ വില്‍പ്പനകള്‍ രാജ്യത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം. വ്യാപാരികളും ഓഫര്‍ വില്‍പ്പനകള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കടകള്‍ അടഞ്ഞുകിടന്നപ്പോഴും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് യഥേഷ്ടം വില്‍പ്പന തുടരാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിനെ ഏറെ സമ്മര്‍ദത്തിലാക്കിയിരുന്നു.