
ബെംഗലൂരു: തങ്ങളുടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖല അടുത്ത മാസം ആരംഭിക്കാനിരിക്കവേയാണ് റസ്‌റ്റോറന്റുകളില്‍ നിന്നും കുറഞ്ഞ കമ്മിഷന്‍ മാത്രമേ ഈടാക്കുവെന്ന് ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ അറിയിച്ചിരിക്കുന്നത്. സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്നതിനേക്കാള്‍ നാലിലൊന്ന് തുക മാത്രമേ ഈടാക്കൂവെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആമസോണ്‍ ഫ്രഷ് എന്ന പേരിലാണ് കമ്പനി ബിസിനസ ആരംഭിക്കുന്നത്. ഈ രംഗത്തെ ബിസിനസ് മത്സരം കടുത്ത് നില്‍ക്കുന്ന വേളയിലാണ് പുത്തന്‍ ബിസിനസ് തന്ത്രവുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് റസ്‌റ്റോറന്റ് ചെയിനുകള്‍ ആരംഭിക്കുന്നതിനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓലയുടെ കയ്യില്‍ നിന്നും ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ആമസോണ്‍ ഇപ്പോള്‍. പ്രൈം നൗ സര്‍വീസിലൂടെ തങ്ങളുടെ ഫുഡ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാനാണ് ആമസോണ്‍ നീക്കം നടത്തുന്നത്. അഞ്ചു മുതല്‍ ആറ് രൂപ വരെ മാത്രമേ കമ്മീഷനായി സ്വീകരിക്കൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള കമ്പനികള്‍ 20 ശതമാനമാണ് കമ്മീഷനായി സ്വീകരിക്കുന്നത്. രാജ്യത്തെ താല്‍ക്കാലിക സാമ്പത്തികാവസ്ഥയ്ക്കു മാത്രം ഊന്നല്‍ നല്‍കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തോടെയാകും ഇന്ത്യയില്‍ തങ്ങള്‍ നിക്ഷേപം നടത്തുകയെന്ന് യു.എസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനി ആമസോണ്‍. ഇന്ത്യയിലെ ഇ- കോമേഴ്സ് വിപണിയില്‍ മാന്ദ്യമുള്ളതായി തോന്നുന്നില്ലെന്നും ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.
ഇപ്പോഴത്തെ 1 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ ആക്കാനാണു ലക്ഷ്യമിടുന്നത്.-ആഗോളതലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ആരംഭിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് അമിത് അഗര്‍വാള്‍ പറഞ്ഞു.ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ആമസോണ്‍ ഇന്ത്യ മുന്നേറ്റപാതയിലാണ്.
രജിസ്റ്റര്‍ ചെയ്ത 50,000 വില്‍പ്പനക്കാരുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വില്‍പ്പന പ്ലാറ്റ്ഫോം വഴി ആമസോണ്‍ നിലവില്‍ കൈകാര്യം ചെയ്തുവരുന്നു. ഇന്ത്യയിലെ മൊത്തം ചില്ലറ ഉപഭോഗത്തിന്റെ വളരെ ചെറിയ വിഹിതമേ ഇ-കൊമേഴ്‌സ് നിറവേറ്റുന്നുള്ളൂ 3% ല്‍ താഴെ. വളരെ ചെറുതായിരിക്കുമ്പോള്‍, വളരാന്‍ വളരെയധികം ഇടമുണ്ട് ഇ-കൊമേഴ്‌സിനെന്ന് അമിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.