
ബെംഗളൂരു: വനിതാ സംരംഭകര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന പദ്ധതിയുമായി ആമസോണ്‍ ഇന്ത്യയും കര്‍ണാടക സര്‍ക്കാരും കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സൊസൈറ്റിയുമായി (കെഎസ്ആര്‍എല്‍പിഎസ്) ധാരണാപത്രം ഒപ്പുവച്ചതായി ആമസോണ്‍ ഇന്ത്യ ശനിയാഴ്ച അറിയിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ സാന്നിധ്യത്തിലാണ് നൈപുണ്യ വികസന വകുപ്പ് മന്ത്രി സിഎന്‍ അശ്വത് നാരായണനുമായി ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ആമസോണ്‍ ഇന്ത്യ തങ്ങളുടെ വിപണിയില്‍ സഞ്ജീവിനി-കെഎസ്ആര്‍എല്‍പിഎസ് ആരംഭിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. അതിന് പുറമെ, ആയിരക്കണക്കിന് വനിതാ സംരംഭകരെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി 'സഹേലി' പ്രോഗ്രാമിന്റെ ആനുകൂല്യങ്ങള്‍ വിപുലീകരിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണി സാധ്യത ലഭ്യമാക്കുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ കര്‍ണാടകത്തിലെ നിരവധി വരുന്ന സ്ത്രീകള്‍ക്കും മറ്റ് സംഘടനകള്‍ക്കും ഗുണം ചെയ്യും. സഞ്ജീവിനി-കെഎസ്ആര്‍എല്‍പിഎസുമായി സഹകരിക്കുന്ന 30,000-ത്തിലധികം വനിതാ സംരംഭകരും സ്വയം സഹായ ഗ്രൂപ്പുകളും നിര്‍മ്മിച്ച പലചരക്ക്, വീട്, ഫാഷന്‍ ആക്‌സസറികള്‍ ദശലക്ഷക്കണക്കിന് ആമസോണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിലൂടെ സ്ത്രീകള്‍ക്ക് വലിയൊരു ഗുണമായിരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതിന് പുറമെ, സഹേലി തങ്ങളുടെ പങ്കാളികള്‍ക്കായി വിപുലമായ പരിശീലന പരിപാടികളും നൈപുണ്യ വികസന ശില്‍പശാലകളും നടത്തുമെന്ന് വാഗ്ദാനം ചെയ്യുന്നതായി ആമസോണ്‍ പറഞ്ഞു. ഈ പരിശീലന പരിപാടികളില്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗ്, ഇമേജിംഗ്, കാറ്റലോഗിംഗ്, പാക്കേജിംഗ്, ഷിപ്പിംഗ്, ഇന്‍വെന്ററി, അക്കൗണ്ട് മാനേജ്മെന്റ്, കസ്റ്റമര്‍ സര്‍വീസിംഗ് എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ ഉള്‍പ്പെടുന്നു. അതിന്പുറമെ, സഹേലി പ്രോഗ്രാമിലൂടെ അധിക ചെലവില്ലാതെ അസിസ്റ്റഡ് ഓണ്‍ബോര്‍ഡിംഗും മെന്റര്‍ഷിപ്പ് ഉള്‍പ്പെടെ ആകര്‍ഷകമായ മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.