
ബെംഗളുരു: സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനെയും തൊഴില്‍ നഷ്ടപ്പെടുന്നതിനെ കുറിച്ചുമെല്ലാമുള്ള ആശങ്കകള്‍ക്കിടയില്‍ ആമസോണ്‍ ഇന്ത്യ അര ലക്ഷം താത്കാലിക ജീവനക്കാരെ നിയമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് ഇ കൊമേഴ്സ് രംഗത്തുണ്ടായ കുതിപ്പ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. രാജ്യവ്യാപകമായുള്ള ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും ഡെലിവറി രംഗത്തുമാണ് പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാവുന്ന തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇ കൊമേഴ്സ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തു നീക്കിയത്.
റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഡെലിവറി നടത്തുന്നുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചു പോകുന്നതും മറ്റുമായി റീറ്റെയ്ല്‍ മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ നടപടി. കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാകും പ്രവര്‍ത്തനമെന്ന് ആമസോണ്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ആമസോണ്‍ പുതിയ ആളുകളെ ജോലിക്കെടുക്കുന്ന വാര്‍ത്ത വരുമ്പോഴും പ്രതിസന്ധിയെ തുടര്‍ന്ന് പല സ്ഥാപനങ്ങളിലും പിരിച്ചു വിടല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികളിലാണ് കൂടുതലും പിരിച്ചു വിടല്‍ നടക്കുന്നത്. ഒല 1400 പേരെയും സൊമാറ്റോ 500 പേരെയും സ്വിഗ്ഗി 1100 ജീവനക്കാരെയുമാണ് പിരിച്ചു വിട്ടത്.