ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസില്‍ ചുവടുറപ്പിക്കാന്‍ ആമസോണ്‍ കരുനീക്കം; ആമസോണ്‍ പേയിലേക്ക് 225 കോടി രൂപയുടെ നിക്ഷേപം

March 12, 2021 |
|
News

                  ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസില്‍ ചുവടുറപ്പിക്കാന്‍ ആമസോണ്‍ കരുനീക്കം;  ആമസോണ്‍ പേയിലേക്ക് 225 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസ് എങ്ങനെയും പിടിച്ചെടുക്കണം എന്ന വാശിയിലാണ് ആമസോണ്‍. എതിരാളികള്‍ വലുതാണ്. വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തില്‍ ഫോണ്‍പേയും ആലിബാബയ്ക്ക് കീഴില്‍ പേടിഎമ്മും കളം വാഴുന്നു. ഗൂഗിളിന്റെ പെയ്മെന്റ് മുഖമായ ഗൂഗിള്‍ പേയും ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്നുണ്ട്. ഈ മത്സരത്തിനിടയിലേക്കാണ് ആമസോണ്‍ പേയുമായി ചുവടുറപ്പിക്കാന്‍ ആമസോണ്‍ കരുനീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി 225 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ പേയിലേക്ക് ആമസോണ്‍ നടത്തിയിരിക്കുന്നു.

സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡും മൗറീഷ്യസ് കേന്ദ്രമായുള്ള ആമസോണ്‍ ഡോട്ട് കോം ലിമിറ്റഡ് കമ്പനിയും ചേര്‍ന്നാണ് 225 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ പേയിലേക്ക് സമര്‍പ്പിച്ചത്. മാര്‍ച്ച് 1 -ന് പുതിയ നിക്ഷേപം ആമസോണ്‍ പേയുടെ മൂലധനത്തിലേക്ക് ചേര്‍ക്കപ്പെട്ടു. 10 രൂപ വിലയുള്ള 22.5 കോടി ഓഹരികളാണ് പുതിയ നിക്ഷേപത്തിന് വേണ്ടി ആമസോണ്‍ പേ വിട്ടുനല്‍കിയത്. നേരത്തെ, കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ഉത്സവകാലം മുന്‍നിര്‍ത്തി 700 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ പേയില്‍ ആമസോണ്‍ നടത്തിയിരുന്നു.

2023 ഓടെ ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസ് അഞ്ചിരട്ടി വളര്‍ച്ച കുറിക്കുമെന്നാണ് ആഗോള സാമ്പത്തിക സേവന കമ്പനിയായ ക്രെഡിറ്റ് സൂസെയുടെ പഠനം പറയുന്നത്. അതായത് അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്മെന്റ് ബിസിനസ് 1 ലക്ഷം കോടി ഡോളര്‍ തൊടും. മൊബൈല്‍ അധിഷ്ടിത പെയ്മെന്റ് സംവിധാനങ്ങളായിരിക്കും ഈ വളര്‍ച്ചയില്‍ നിര്‍ണായകമാവുക. നിലവില്‍ ഫോണ്‍പേയും ഗൂഗിള്‍ പേയും ചേര്‍ന്നാണ് യുപിഐ വിപണിയിലെ സിംഹഭാഗം ഇടപാടുകളും കയ്യടക്കുന്നത്. ജനുവരിയില്‍ ഫോണ്‍പേയിലൂടെ 968 മില്യണ്‍ ഇടപാടുകള്‍ നടന്നു. ഗൂഗിള്‍ പേയില്‍ നടന്നതാകട്ടെ 853 മില്യണ്‍ ഇടപാടുകളും. ഇതേകാലത്ത് 281 മില്യണ്‍ ഇടപാടുകള്‍ക്കാണ് പേടിഎം വേദിയൊരുക്കിയത്. ആമസോണ്‍ പേയില്‍ 46 മില്യണ്‍ ഇടപാടുകളും നടന്നു.

കോവിഡ് ഭീതി പതിയെ വിട്ടുമാറുകയാണെങ്കിലും പുതിയ കാലത്ത് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാണ് ആളുകള്‍ കൂടുതലായും താത്പര്യപ്പെടുന്നത്. ഈ അവസരത്തില്‍ ആമസോണ്‍ ഷോപ്പിങ് ആപ്പിന്റെ പിന്തുണയാല്‍ ഡിജിറ്റല്‍ പെയ്മെന്റ് രംഗത്ത് ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ആമസോണ്‍ പേ. നിലവില്‍ വൈദ്യുത, ജല, പാചകവാതക ബില്ലുകളും ഡിടിഎച്ച്, മൊബൈല്‍ റീച്ചാര്‍ജുകളും നടത്താന്‍ ആമസോണ്‍ പേയില്‍ സൗകര്യമുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ യൂബറും ആമസോണ്‍ പേയും സഹകരണം പ്രഖ്യാപിച്ചിരുന്നു. ധാരണയുടെ ഭാഗമായി യൂബര്‍ യാത്രികര്‍ക്ക് ആമസോണ്‍ പേ വഴി കോണ്‍ടാക്ട്ലെസ്, ക്യാഷ്ലെസ് ഇടപാട് നടത്താന്‍ പ്രത്യേക സൗകര്യമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved