
ന്യൂഡല്‍ഹി: അമേരിക്കന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് 11,400 കോടി രൂപയുടെ നിക്ഷേപം എത്തിച്ചതായി കണക്ക്. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് യൂണിറ്റുകളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്തിയ കാലത്താണ് ഇത്രയും വലിയ തുക നിക്ഷേപമായി എത്തിയതെന്നാണ് പ്രത്യേകത.
ആമസോണ്‍ സെല്ലര്‍ സര്‍വീസ്, ആമസോണ്‍ ഹോള്‍സെയില്‍, ആമസോണ്‍ പേ, ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് എന്നിവയുടെ ആകെ നഷ്ടം 2020 സാമ്പത്തിക വര്‍ഷത്തില്‍ 7,899 കോടിയായി ഉയര്‍ന്നെന്നാണ് കണക്ക്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7014.5 കോടിയായിരുന്നു.
ആമസോണ്‍ സെല്ലര്‍ സര്‍വീസിന് 5849.2 കോടിയും ആമസോണ്‍ ഹോള്‍സെയിലിന് 133.2 കോടിയും ആമസോണ്‍ പേയ്ക്ക് 1868.5 കോടിയും ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസിന് 48.1 കോടിയുമായിരുന്നു നഷ്ടം വന്നത്. 2019 ല്‍ 71.1 കോടി ലാഭം നേടി ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസും 2019-20 കാലത്ത് 20 ലക്ഷം നഷ്ടത്തിലേക്ക് വീണു. അതേസമയം മാതൃകമ്പനി ദശലക്ഷക്കണക്കിന് ഡോളറുകളാണ് പ്രമോഷനും അടിസ്ഥാന സൗകര്യ വികസനത്തിനും ലോജിസ്റ്റിക്‌സിനും കസ്റ്റമേര്‍സിന് ഇളവായും നല്‍കിയത്.