വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുവച്ച് ആമസോണ്‍; 'ആമസോണ്‍ അക്കാദമി' വരുന്നു

January 13, 2021 |
|
News

                  വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുവച്ച് ആമസോണ്‍; 'ആമസോണ്‍ അക്കാദമി' വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു പുത്തന്‍ സംരംഭത്തിന് കൂടി ആമസോണ്‍ തുടക്കം കുറിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സഹായിക്കുന്ന ഒരു പുത്തന്‍ പദ്ധതിയാണിത്. 'ആമസോണ്‍ അക്കാദമി' എന്നാണ് പേര്. ജെഇഇ പോലുള്ള മത്സരപ്പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചാണ് ആമസോണ്‍ അക്കാദമി വരുന്നത്.

ഓണ്‍ലൈനില്‍ തന്നെയാണ് ഈ സേവനം ലഭ്യമാവുക. ജെഇഇ പോലുള്ള മത്സരപ്പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗഹനമായ അറിവും പരിശീലന പരിപാടികളും ആണ് ഇതുവഴി ലഭ്യമാക്കുക. ക്യുറേറ്റഡ് ലേണിങ് മെറ്റീരിയല്‍സ്, ലൈവ് ക്ലാസ്സുകള്‍ തുടങ്ങിയവ ഉണ്ടാകും.

ഈ സേവനത്തിന് ആമസോണ്‍ പണം ഈടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ആമസോണ്‍ അക്കാദമിയുടെ ബീറ്റ വേര്‍ഷന്‍ വെബ്ബിലും പ്ലേ സ്റ്റോറിലും സൗജന്യമായി ലഭ്യമാണ്. ആദ്യഘട്ടത്തില്‍ മോക്ക് ടെസ്റ്റുകളും തിരഞ്ഞെടുത്ത പതിനയ്യായിരത്തിലധികം ചോദ്യങ്ങളും തുടങ്ങി ഒരുപാട് സേവനങ്ങള്‍ ആമസോണ്‍ അക്കാദമിയില്‍ ലഭ്യമാകും.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ സഹായകമാകും ആമസോണ്‍ അക്കാദമി എന്നാണ് പറയുന്നത്. കോച്ചിങ് സെന്ററുകളിലെ വേഗത്തിനൊപ്പം എത്താത്തവര്‍ക്ക് തങ്ങളുടേതായ രീതിയില്‍ സമയമെടുത്ത് പഠിക്കാനും തയ്യാറാകാനും ഉള്ള അവസരവും ഇവിടെ ലഭിക്കും.

മോക്ക് ടെസ്റ്റുകള്‍ വഴി ദേശീയ തലത്തില്‍ തങ്ങളുടെ റാങ്ക് പൊസിഷന്‍ എത്രയെന്ന് വിലയിരുത്താനും ആമസോണ്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. ഇത് സംബന്ധിച്ച് പേഴ്സണലൈസ്ഡ് റിപ്പോര്‍ട്ടുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് എന്ന് കൂടി ഓര്‍മിപ്പിക്കുന്നതായിരിക്കും ഇത്.

താങ്ങാവുന്ന ചെലവില്‍ എല്ലാവര്‍ക്കും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ആമസോണ്‍ അക്കാദമി ലക്ഷ്യമിടുന്നത് എന്ന് ആമസോണ്‍ ഇന്ത്യയുടെ വിദ്യാഭ്യാസ ഡയറക്ടര്‍ അമോല്‍ ഗുര്‍വാര പറയുന്നു. ആദ്യഘട്ടത്തില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കാണ് സേവനം ലഭിക്കുക.

നിലവില്‍ ആമസോണ്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കുറച്ച് മാസങ്ങള്‍ കൂടി ഇത് സൗജന്യമായി തുടരും. അതിന് ശേഷം ഫീസ് ഈടാക്കാനാണ് പദ്ധതി. ജെഇഇ കൂടാതെ ബിറ്റ്സാറ്റ്, വിറ്റീ, എസ്ആര്‍എംജെഇഇഇ, എംഇടി പരീക്ഷകള്‍ക്കും ആമസോണ്‍ അക്കാദമി സഹായകമാകും.

Read more topics: # ആമസോണ്‍, # Amazon,

Related Articles

© 2021 Financial Views. All Rights Reserved