
ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യയില്‍ തങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. ആമസോണ്‍ ദീപാവലിക്ക് മുന്‍പായി ഇന്ത്യയില്‍ ഭക്ഷണം വിതരണം നടത്തിയേക്കും. ദീപാവലിക്ക് മുന്‍പ് തങ്ങളുടെ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട് ആമസോണ്‍ സ്വന്തം ആപ്പിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടക്കില്‍ ബംഗളൂരു ആസ്ഥാനമായിട്ടായിരിക്കും ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസ് തുടങ്ങുക. പുതിയ ബിസനസ് സംരംഭം നടപ്പിലാക്കാനായി ആമസോണ്‍ ആദ്യഘട്ടത്തില്‍ തന്നെ വിവിധ ഹോട്ടല്‍ ഉടമകളുമായും ചര്‍ച്ചകള്‍ നടത്തിയേക്കും.
അതേസമംയം സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ ഈറ്റ്സ് എന്നിവ ഈടാക്കുന്ന 20-30 ശതമാനത്തിന്റെ സ്ഥാനത്ത് 6-10 ശതമാനം ടേക്ക് റേറ്റ് (കമ്മീഷന്‍) ആണ് ഇ കൊമേഴ്സ് ഭീമന്‍ ആയ ആമസോണ്‍ നടപ്പിലാക്കാന്‍ തയ്യാറാകുന്നത്. വിലയിളവ്, ക്യാഷ്ബാക് തുടങ്ങിയ വന്‍ ഓഫറുകളുമുണ്ടാകും കമ്പനി ആദ്യഘട്ടത്തില്‍ തങ്ങളുടെ സ്വന്തം ഉപഭോക്താക്കള്‍ക്കായി നല്‍കുക. മെച്ചപ്പെട്ട സേവനം, വിതരണത്തിലുള്ള വേഗത എന്നീ സേവനങ്ങള്‍ ശക്തിപ്പെടുത്താനാകും കമ്പനി പ്രധാനമായും ലക്ഷ്യമിടുക.
ആമസോണ്‍ ഭക്ഷണ വിതരണത്തിലേക്ക് പ്രവേശിക്കുന്നതോടെ സ്വിഗ്ഗി, ഊബര്‍, സൊമാട്ടോ എന്നിവര്‍ക്ക് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. ആമസോണ്‍ ഫുഡ് ഡെലിവറി മേഖലയിലേക്ക് കൂടി കടന്നുവരുന്നതോടെ മുന്‍നിര ഭക്ഷണ വിതരണ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടത്തിയേക്കും.