
മുംബൈ: ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര രംഗത്തെ രണ്ടാം സ്ഥാനക്കാരായ ഫ്യൂച്ചര്‍ റീട്ടെയിലില്‍ 10 ശതമാനം നിക്ഷേപത്തിനൊരുങ്ങി ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ആമസോണ്‍. ഇതിന്റെ ഭാഗമായി 281 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല ആദ്യ ഘട്ട ഓഹരി വാങ്ങലിന് ശേഷം ചിലപ്പോള്‍ ഭാവിയില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഫ്യൂച്ചര്‍ റീട്ടെയില്‍ സ്ഥാപക ചെയര്‍മാന്‍ കിഷോര്‍ ബിയാനി അറിയിച്ചു.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തന്നെ പലചരക്ക് വില്‍പന ചെയിനായ ബിഗ് ബസാറിലൂടെയും ആമസോണ്‍ വിപണിയിലേക്ക് എത്തും. ഗൃഹോപകരണങ്ങള്‍ മുതല്‍ ശുദ്ധമായ പഴങ്ങളും പച്ചക്കറികളും വരെ ഇത്തരത്തില്‍ വില്‍പന നടത്തുമെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആമസോണിന് ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഇരു കമ്പനികളുടേയും വക്താക്കള്‍ അറിയിച്ചു.
ആമസോണ്‍ റിലയന്‍സ് റീട്ടെയ്ലിന്റെ 26 ശതമാനം ഓഹരി വാങ്ങാനുള്ള സാധ്യയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിക്കു മുന്‍പ് ഈ സഖ്യം പ്രാബല്യത്തില്‍ വരുത്താനാണ് ഇരു കമ്പനികളും ശ്രമിക്കുന്നതത്രെ. അപ്പോള്‍ മുകേഷ് അംബാനി സ്വന്തം ഓണ്‍ലൈന്‍ വില്‍പനശാല തുടങ്ങുന്നില്ലെ? അംബാനിയുടെ ഇപ്പോഴത്തെ കടം 2.8 ലക്ഷം കോടി രൂപയാണത്രെ. ഈ കടം അല്‍പം വീട്ടിയെടുക്കുക എന്നതാണ് അംബാനി തന്റെ റീട്ടെയില്‍ വിഭാഗത്തിന്റെ ഓഹരി ആമസോണിനു വില്‍ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടുതല്‍ കടമെടുക്കാനുള്ള വിഷമമായിരിക്കാം അംബാനിയെ താത്കാലികമായെങ്കിലും സ്വന്തം ഓണ്‍ലൈന്‍ വില്‍പനശാല തുടങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. കൂടാതെ വില്‍പനയില്‍ ആഗോള തലത്തില്‍ ആമസോണിനുള്ള പരിചയം ടെക്നോളജി തുടങ്ങിയവ തങ്ങള്‍ക്ക് ഉപകരിക്കുമെന്ന ചിന്തയും ഉണ്ടാകാം. സപ്ലൈ ചെയ്നുകളും ലോജിസ്റ്റിക്സും അടക്കമുള്ള ടെക്നോളജി തങ്ങള്‍ക്കും പ്രയോജനപ്പെടുത്താമെന്നും അവര്‍ കരുതുന്നുണ്ടാകാം.
ഇന്ത്യയില്‍ പലചരക്കു വ്യാപാരം തുടങ്ങാനാണ് ആമസോണ്‍ അടുത്തകാലത്തായി ശ്രമിച്ചു വന്നത്. ഇന്ത്യയിലെ വിവിധ പലവ്യഞ്ജന വ്യാപരശാലകളുമായി ചേര്‍ന്ന് ഇതു നടപ്പാക്കാനാണ് കമ്പനി ശ്രമിച്ചുവന്നത്.