
പേടിഎമ്മിനും ഫോണ്‍പേക്കും പിന്നാലെ ആമസോണും ഇന്‍ഷുറന്‍സ് സേവന മേഖലയിലേക്ക് കടന്നു. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സ്റ്റാര്‍ട്ട് അപ്പായ ആക്കോയുമായി സഹചരിച്ചാണ് ആമസോണ്‍ പേയിലൂടെ ഈ സേവനം നല്‍കുന്നത്. വാഹന ഇന്‍ഷുറന്‍സാകും തുടക്കത്തില്‍ ലഭ്യമാക്കുക.
കോര്‍പറേറ്റ് ഏജന്റ് എന്ന നിലയിലാണ് തുടക്കമെങ്കിലും ഭാവിയില്‍ പൂര്‍ണ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്ഫോമായി മാറുകയാണ് ആമസോണ്‍ പേയുടെ ലക്ഷ്യം. യുപിഐ, വാലറ്റ്, കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ എന്നിവയാണ് ആമസോണ്‍ പേ ഇതു വരെ നല്‍കിയിരുന്നത്.
നേരത്തേ പേടിഎമ്മും ഫോണ്‍പേയും ഇന്‍ഷുറന്‍സ് കമ്പനികളുമായി യോജിച്ച് അവരുടെ പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. വേഗത്തിലും എളുപ്പത്തിലും വാഹന ഇന്‍ഷുറന്‍സ് നേടാം എന്നതാണ് ആമസോണ്‍ നല്‍കുന്ന വാഗ്ദാനം. രണ്ടു മിനുട്ടിനുള്ളില്‍ വാഹന ഇന്‍ഷുറന്‍സ് നേടാം എന്നാണ് ആമസോണ്‍ പറയുന്നത്.
കൂടാതെ മറ്റെവിടെയും ലഭിക്കാത്ത കുറഞ്ഞ നിരക്കും ലഭ്യമാക്കുമെന്ന് പറയുന്നു. മാത്രമല്ല, തെരഞ്ഞെടുത്ത നഗരങ്ങളില്‍, മൂന്നു ദിവസത്തിനുള്ളില്‍ ക്ലെയിം സേവനങ്ങള്‍, ഒരു വര്‍ഷ റിപ്പയര്‍ വാറന്റി എന്നിവയും വാഗ്ദാനം ചെയ്യുന്നു. 2018 ല്‍ 1.2 കോടി ഡോളര്‍ ആക്കോയില്‍ ആമസോണ്‍ നിക്ഷേപിച്ചിരുന്നു. ആക്സല്‍ പാര്‍ട്ണേഴ്സ്, സെയ്ഫ് പാര്‍ട്ണേഴ്സ്, കറ്റമരന്‍ വെഞ്ചേഴ്സ്, ബിന്നി ബന്‍സാല്‍ എന്നിവയും ഈ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പിലെ നിക്ഷേപകരില്‍ പെടുന്നു.