
കൊവിഡ് 19 മഹാമാരിയുടെ ഈ ദുര്‍ഘടമായ സമയത്തും ബിസിനസില്‍ ലാഭം കൊയ്ത് ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണ്‍. ഓണ്‍ലൈന്‍ വില്‍പ്പനയും മൂന്നാം കക്ഷി വ്യാപാരികളെ പിന്തുണയ്ക്കുന്ന ലാഭകരമായ ബിസിനസും ചേര്‍ന്നപ്പോള്‍ കഴിഞ്ഞ 26 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് വ്യാഴാഴ്ച ആമസോണ്‍ രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണിന്റെ ഓഹരികള്‍ മണിക്കൂറുകള്‍ക്ക് ശേഷമുള്ള വ്യാപാരത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്നു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലയളവില്‍ എതിരാളികളായ ബ്രിക്ക്-മോര്‍ട്ടാര്‍ റീട്ടെയിലര്‍മാര്‍ക്ക് സ്റ്റോറുകള്‍ അടയ്ക്കേണ്ടി വന്നപ്പോള്‍, ആമസോണ്‍ അടുത്ത മാസങ്ങളില്‍ത്തന്നെ 1,75,000 പേരെ നിയമിക്കുകയും കമ്പനിയുടെ സേവനങ്ങളുടെ ആവശ്യം കുതിച്ചുയരുകയും ചെയ്തു. ഇക്കാരണം കൊണ്ട് ആമസോണിന്റെ വരുമാനം 40 ശതമാനം ഉയര്‍ന്ന് 88.9 ബില്യണ്‍ ഡോളറിലെത്തി. രണ്ടാം പാദത്തില്‍ പണം നഷ്ടപ്പെടുമെന്ന് ആമസോണ്‍ നേരത്തേ പ്രവചിച്ചിട്ടുണ്ട്.
ജീവനക്കാര്‍ക്കും മറ്റും കൊവിഡുമായി ബന്ധപ്പെട്ട സംരക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള ചെലവുകള്‍ പ്രതീക്ഷിച്ചിരുന്നതാണ് ഇതിന് കാരണം. കമ്പനി അത് ചെയ്യുകയും ഒരു വര്‍ഷത്തിന് മുമ്പുള്ള അറ്റാദായത്തിന്റെ ഇരട്ടിയെന്നോണം 5.2 ബില്യണ്‍ ഡോളര്‍ സമ്പാദിക്കുകയും ചെയ്തു. അത് അസാധാരണമായ മറ്റൊരു പാദമാണെന്നാണ് കമ്പനിയുടെ ഈ നേട്ടത്തെക്കുറിച്ച് സിഇഒയും ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടത്.
1994 -ലെ ജൂലൈ മാസത്തിലാണ് ജെഫ് ബെസോസ് കമ്പനി സ്ഥാപിക്കുന്നത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 60 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇത് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ ആയ ജെഫ് ബെസോസിന്റെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ആഗോളതലത്തില്‍ കൊവിഡ് 19 മഹാമാരി നാശം വിതയ്ക്കുന്നതിനിടയിലും ആമസോണിന്റെ ബിസിനസ് മോഡല്‍ തങ്ങളുടെ ഇ-കൊമേഴ്സ് ആധിപത്യം കൂടുതല്‍ വിശാലമായി വികസിപ്പിക്കുന്നത് സജ്ജമാക്കുന്നുവെന്ന് ഇന്‍വെസ്റ്റിംഗ്.കോമിന്റെ സീനിയര്‍ അനലിസ്റ്റ് ജെസ്സി കോഹന്‍ പറയുന്നു.
രണ്ടാം പാദത്തില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വില്‍പ്പന 48 ശതമാനം ഉയര്‍ന്ന് 45.9 ബില്യണ്‍ ഡോളറിലെത്തി. അതേസമയം, കമ്പനിയുടെ വിശ്വസ്തരായ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിറവേറ്റുന്നതിനും സ്പോണ്‍സര്‍ ചെയ്യുന്നതിനും വ്യാപാരികള്‍ ആമസോണിന് കൂടുതല്‍ പണം നല്‍കി. വില്‍പ്പനക്കാരുടെ സേവന വരുമാനങ്ങളും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും യഥാക്രമം 52%, 41% എന്നിവയായത് നേട്ടം വര്‍ധിപ്പിക്കാന്‍ സഹായകമായി.
കൊവിഡ് 19 മഹാമാരിയുടെ കാലയളവില്‍ കമ്പനികള്‍ വെര്‍ച്വല്‍ ഓഫീസുകളിലേക്ക് മാറിയതിനാല്‍ ആമസോണിന്റെ ക്ലൗഡ് സേവനങ്ങള്‍ക്കും ഉയര്‍ന്ന ഡിമാന്‍ഡ് ലഭിച്ചു. ക്ലൗഡിലുള്ള ഡാറ്റ സംഭരണവും കമ്പ്യൂട്ടിംഗ് പവറും ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 10.81 ബില്യണ്‍ ഡോളറിലെത്താനും കാരണമായി.