'ആമസോണ്‍ റസ്റ്റോറന്റ്' ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം ഉടന്‍; ദീപാവലിയ്ക്ക് ബെംഗലൂരുവില്‍ ആരംഭം കുറിക്കുമെന്ന് ഓണ്‍ലൈന്‍ ഭീമന്‍; സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും കടുത്ത തിരിച്ചടിയാകും

August 20, 2019 |
|
News

                  'ആമസോണ്‍ റസ്റ്റോറന്റ്'  ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം ഉടന്‍; ദീപാവലിയ്ക്ക് ബെംഗലൂരുവില്‍ ആരംഭം കുറിക്കുമെന്ന് ഓണ്‍ലൈന്‍ ഭീമന്‍; സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും കടുത്ത തിരിച്ചടിയാകും

ബെംഗലൂരു: രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഘല അസൂയാവഹമാകുന്ന രീതിയില്‍ വളരുകയും വൈകാതെ തന്നെ തിരിച്ചടി നേരിടുകയും ചെയ്യുന്ന വേളയിലാണ് ഇന്ത്യയിലേക്ക് പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് യുഎസ് ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ അറിയിച്ചിരിക്കുന്നത്. സൊമാറ്റോയും സ്വിഗ്ഗിയും അടക്കമുള്ള കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കി ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കമ്പനിയുടെ നീക്കം.

ഇപ്പോള്‍ ഇന്ത്യയിലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തര്‍ക്കം രൂക്ഷമായിരിക്കുന്ന വേളയിലാണ് ആമസോണും എത്തുക. വിതരണക്കാര്‍ക്ക് 15 മുതല്‍ 17 ശതമാനം വരെ കമ്മീഷന്‍ റസ്‌റ്റോറന്റുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ ഇന്‍ട്രോഡക്റ്ററി ഫീസായി 6 മുതല്‍ 7 ശതമാനം വരെ നല്‍കുന്നുമുണ്ട്. ഇത് അധികമാണെന്ന് പറഞ്ഞാണ് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കുന്നത്.

ദീപാവലിയ്ക്ക് ബെംഗലൂരുവില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആമസോണ്‍ റസ്‌റ്റോറന്റ് എന്ന ബ്രാന്‍ഡ് നാമത്തിലായിരിക്കും സേവനം ആരംഭിക്കുക. ഭക്ഷണത്തിന് പുറമേ മരുന്നും സൗന്ദര്യവര്‍ധക വസ്തുക്കളും വൈകാതെ തന്നെ വിതരണം നടത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.  1,200ലേറെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം അടുത്തിടെ നിര്‍ത്തിയിരുന്നു.

സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തര്‍ക്കങ്ങളെതുടര്‍ന്നാണ് പിന്മാറ്റം. മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്.

ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വന്‍തോതില്‍ കിഴിവ് നല്‍കുന്നത് ബിസിനസിനെ ബാധിക്കുമെന്ന  വിലയിരുത്തലിനെതുടര്‍ന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ പ്രകാരം 45 ദിവസത്തെ നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved