
ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഖറ്റാബുക്ക്, പ്രാദേശിക പ്ലാറ്റ്‌ഫോമായ ഡെയ്ലിഹണ്ട് എന്നിവ തിങ്കളാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുള്ള ജോലി നിര്‍ബന്ധമാക്കിയിട്ടുള്ള ഏറ്റവും പുതിയ സ്റ്റാര്‍ട്ടപ്പുകളാണ്. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍, വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് അവസാനം വരെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഈ സംവിധാനം ഉപയോഗിക്കുമെന്നും അടിയന്തിര ജോലിയുള്ളവര്‍ മാത്രമേ ഓഫീസിലേക്ക് വരൂ എന്നും പ്രതീക്ഷിക്കുന്നതായി ഔദ്യോഗികവൃന്ദങ്ങള്‍ പറഞ്ഞു.
ഡെലിവറി സേവനം തുടരുന്ന സ്വിഗ്ഗിയില്‍ 7,000 കോര്‍പ്പറേറ്റ് ജോലിക്കാരുണ്ട്. ഡെയ്ലിഹണ്ടിന് 500 ഓളം ജീവനക്കാരും ഖറ്റാബുക്കിന് 80 ജീവനക്കാരുമുണ്ട്. അതേസമയം ആമസോണിന് ഇന്ത്യയില്‍ 50,000 ത്തിലധികം ജീവനക്കാരുണ്ട്. ബെംഗളൂരുവിലും ഹൈദരാബാദിലുമായിയാണ് പ്രധാന ഓഫീസുകള്‍. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ട ഫ്‌ലിപ്പ്കാര്‍ട്ട് അടുത്ത ആഴ്ച വരെ ഇത് നീട്ടിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബ്രോക്കറേജ് സീറോഡ, വിദ്യാഭ്യാസ സാങ്കേതിക പ്ലാറ്റ്‌ഫോം അണ്‍കാഡമി, സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോം മീഷോ, ബൈക്ക് റെന്റല്‍ കമ്പനിയായ ബൗണ്‍സ് തുടങ്ങി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വര്‍ക്ക്-ഹോം പോളിസി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മാളുകള്‍, സിനിമാ ഹാളുകള്‍, പബ്ബുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് ബഹുജന സമ്മേളനങ്ങള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ബെംഗളൂരുവിലെ ഒരു ഗൂഗിള്‍ ജീവനക്കാരന് വ്യാഴാഴ്ച കോവിഡ് -19 സ്ഥിതീകരിച്ചു.