കൊറോണ ഭീതിയില്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വന്‍ വര്‍ധനവ്; ഓര്‍ഡറുകള്‍ നിറവേറ്റാന്‍ ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍; പുതിയ തീരുമാനം അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കും

March 17, 2020 |
|
News

                  കൊറോണ ഭീതിയില്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വന്‍ വര്‍ധനവ്; ഓര്‍ഡറുകള്‍ നിറവേറ്റാന്‍ ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍; പുതിയ തീരുമാനം അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിപണിയില്‍ നേട്ടം കൊയ്ത് ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണ്‍. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് നിരവധി ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വെബിലേക്ക് തിരിയുന്നതിനാല്‍, ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ വര്‍ദ്ധനവ് നേരിടാന്‍ അമേരിക്കയില്‍ ഒരു ലക്ഷം വെയര്‍ഹൗസ്, ഡെലിവറി തൊഴിലാളികളെ നിയമിക്കുമെന്ന് ആമസോണ്‍.കോം തിങ്കളാഴ്ച അറിയിച്ചു.

ഏകാന്ത വാസവും ഉല്‍പ്പന്ന ക്ഷാമവും ഭയന്ന് ഭക്ഷണവും ശുചിത്വമുള്ള ഇനങ്ങളും സ്റ്റോക്കില്‍ സൂക്ഷിക്കുന്നതിനായി ആളുകള്‍ മത്സരിക്കുന്നു. അതിനാല്‍ ഇന്‍-സ്റ്റോര്‍ ജോലികള്‍ക്കും ഡെലിവറിക്കും കൂടുതല്‍ ജീവനക്കാരെ തേടുന്നതായി കമ്പനി അറിയിച്ചു. ആമസോണിനെപ്പോലെ, യുഎസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ആല്‍ബര്‍ട്ട്‌സണ്‍സ്, ക്രോഗര്‍, റാലീസ് എന്നിവര്‍ പുതിയ ജോലിക്കാരെ തേടുകയും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കൊറോണ വൈറസ് കാരണം ജോലി അന്വേഷിക്കുന്ന റെസ്റ്റോറന്റ്, യാത്ര, വിനോദ ബിസിനസുകളിലെ ആളുകളിലേക്കാണ് അവര്‍ ശ്രദ്ധയൂന്നുന്നത്. 

കാര്യങ്ങള്‍ സാധാരണ നിലയിലാകുകയും അവരുടെ മുന്‍ തൊഴില്‍ ദാതാവിന് അവരെ തിരികെ കൊണ്ടുവരാന്‍ കഴിയുകയും ചെയ്യുന്നതുവരെ അവരെ ഞങ്ങളുടെ ടീമുകളില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ആമസോണ്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ട്രക്കിംഗ്, എയര്‍ ഡെലിവറികള്‍ ഇപ്പോഴും തുടരുകയാണെന്ന് പ്രധാന ഷിപ്പര്‍ യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് ഇങ്ക് പറഞ്ഞു. അതേസമയം നിലവിലെ തൊഴിലാളികളുമായി ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതായും അവര്‍ തിങ്കളാഴ്ച അറിയിച്ചു.

ആഗോളതലത്തില്‍ 7,100 ലധികം മരണങ്ങള്‍ക്ക് കാരണമായതും ആളുകളെ വന്‍തോതില്‍ നിരീക്ഷണവിധേയമാക്കാന്‍ പ്രേരിപ്പിച്ചതുമായ കൊറോണ വൈറസ്, ആമസോണിനെയും പ്രതിസന്ധിയിലാക്കി. ചില ഇനങ്ങള്‍ സ്റ്റോക്കില്ലാതാകുകയും ചില ഡെലിവറികള്‍ക്ക് പതിവിലും കൂടുതല്‍ സമയമെടുക്കുകയും ചെയ്തു. ആമസോണിന്റെ തൊഴിലാളികളുടെ എണ്ണത്തില്‍  കാലാനുസൃതമായി വ്യത്യാസം വരുന്നുണ്ട്. അടുത്തിടെ അവധിക്കാല പാദത്തില്‍ 798,000 മുഴുവന്‍ സമയ-അര്‍ധ സമയ തൊഴിലാളികള്‍ എത്തി. ഒരു ലക്ഷം പേരെ കൂടി നിയമിച്ച ശേഷം ആമസോണ്‍ ഇനിയും എത്ര പേരെ നിയമിക്കുമെന്ന് ഉടന്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ ജീവനക്കാരെ ആകര്‍ഷിക്കാന്‍, ആമസോണ്‍ ഏപ്രില്‍ മുതല്‍ യുഎസ് തൊഴിലാളികളുടെ വേതനത്തില്‍ മണിക്കൂറിന് നിലവിലെ 15 ഡോളറിനൊപ്പം 2 ഡോളര്‍ കൂടി വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ജീവനക്കാര്‍ക്ക് മണിക്കൂറിന് നല്‍കുന്ന അധിക വേതനം 350 മില്യണ്‍ ഡോളറിലധികം ചിലവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണ്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതമുണ്ടാകുമോ എന്ന് വ്യക്തമല്ല. തിങ്കളാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍, പലചരക്ക് സാധനങ്ങള്‍, ഭക്ഷണം, അവശ്യ സേവനങ്ങള്‍, നേരിട്ട് താമസസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ ബിസിനസുകള്‍ എന്നിവ ഒഴികെ ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved