
മുംബൈ: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ നല്ലൊരു വിഹിതം സ്വന്തമാക്കിയ കമ്പനിയാണ് ആമസോണ്‍. ഇലക്ട്രോണിക് ,ഹോം അപ്ലയന്‍സസ് വിഭാഗത്തില്‍ വന്‍ വിഹിതമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ചില്ലറ വ്യാപാരികള്‍ക്ക് എന്നും ഭീഷണിയായ ആമസോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഫാം ടു ഫോര്‍ക് പ്രൊജക്ടിലേക്കും കാല്‍വെച്ചിരിക്കുന്നു. കൃഷിയിടത്തില്‍ നിന്ന് നേരെ തീന്‍മേശയിലേക്ക് നല്ലയിനം ഗ്രോസറികളും പച്ചക്കറികളുമൊക്കെ ലഭ്യമാകുമ്പോള്‍ ആളുകള്‍ക്കിടയില്‍ ആമസോണിന് എളുപ്പം ആധിപത്യം നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. നിരവധി കമ്പനികള്‍ ഇപ്പോള്‍ തന്നെ ഗ്രോസറി ബിസിനസില്‍ ചുവടുറപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഈ യുഎസ് ഭീമന്‍ തങ്ങളുടെ ടെക്‌നോളജി രാജ്യത്ത് നിക്ഷേപിക്കാന്‍ കണക്കുകൂട്ടുന്നത് വെറുതെയാവില്ലല്ലോ? നിലവില്‍ പൂനെയില്‍ ആണ് പൈലറ്റ് പ്രൊജക്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഡസന്‍ കണക്കിന് കര്‍ഷകരുമായി കമ്പനി കൈകോര്‍ത്തു കഴിഞ്ഞു. പാടത്ത് നിന്ന് ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും മറ്റുമായി ഒരു കോള്‍ഡ് ചെയിന്‍ ഹബ് തന്നെ ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. ആമസോണ്‍ ഫ്രഷ്, ആമസോണ്‍ പാന്‍ട്രി എന്നീ സെക്ഷനുകളിലാണ് ഗ്രോസറി,പച്ചക്കറി,മത്സ്യമാംസാദികള്‍ ലഭിക്കുക. പലച്ചരക്ക് കച്ചവടത്തിന്റെ നല്ലൊരു ഭാഗം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുമാറുന്ന കാലത്തുള്ള ഈ യുഎസ് ഭീമന്റെ വരവ് വന്‍ വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്.
ഈ പ്രാരംഭ പദ്ധതി വിജയകരമായാല്‍ പദ്ധതി വിപുലപ്പെടുത്താനാണ് ആമസോണിന്റെ തീരുമാനം.ടെക്‌നോളജി നിക്ഷേപിച്ചുകൊണ്ട് കര്‍ഷകരെയും സര്‍ക്കാര്‍ വകുപ്പുകളെയും പങ്കെടുപ്പിച്ച് കൊണ്ട് സുസ്ഥിരമായ ഫാം ടു ഫോര്‍ക്ക് പ്രൊജക്ട് വികസിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. ഫുഡ് ,ഗ്രോസറി വ്യാപാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ആമസോണിന്റെ പുതിയ നീക്കങ്ങള്‍. ഗ്രോസറിയില്‍ സര്‍വീസ് മെച്ചപ്പെടുത്താനുള്ള നടപടികള്‍ തങ്ങള്‍ തുടക്കംകുറിച്ചതായും കമ്പനിയുടെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു.പലചരക്ക് വാങ്ങലുകള്‍ക്കായി ഉപഭോക്താക്കളുടെ ഏറ്റവും വലിയ വാലറ്റ് വിഹിതം നേടുക എന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ആമസോണ്‍ മേധാവി അഗര്‍വാള്‍ തുറന്നുപറഞ്ഞിട്ടുണ്ട്..
ഇന്ത്യയുടെ റീട്ടെയില്‍ വിപണിയുടെ ഏറ്റവും വലിയ ഭാഗമാണ് ഭക്ഷണവും പലചരക്ക് വ്യാപാരവും. ഇ-കൊമേഴ്സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സംഘടിത ചില്ലറ വ്യാപാരികളും ഈ വളര്‍ച്ചയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു.നിലവില്‍ ഇന്ത്യയുടെ വാര്‍ഷിക പലചരക്ക് വിപണി 580 ബില്യണ്‍ ഡോളറിന്റേതാണ്. എന്നാല്‍ സംഘടിത ചില്ലറവ്യാപാരികള്‍ ഇതില്‍ 25 ബില്യണ്‍ ഡോളറിന്റെ വിപണി മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. 2024 ഓടെ ഈ വിഭാഗം 69 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ആക്സിസ് ക്യാപിറ്റല്‍ വിലയിരുത്തുന്നുണ്ട്.
ആമസോണിന്റെ യുഎസ് എതിരാളി വാള്‍മാര്‍ട്ട് ഇതിനകം തന്നെ നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് കര്‍ഷകരില്‍ നിന്ന് പുതിയ ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് രണ്ട് ഡസനിലധികം മികച്ച ബ്രാന്‍ഡഡ് മൊത്തവ്യാപാര സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ് റീട്ടെയില്‍ ബെഹമോത്ത് കഴിഞ്ഞ വര്‍ഷം ആമസോണിന്റെ എതിരാളിയായ ഫ്‌ലിപ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി.ഫുഡ് റീട്ടെയിലിംഗ് സബ്‌സിഡിയറിയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ 2017 ല്‍ ഏപ്രിലില്‍് സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു, ഇത് ആദ്യമായാണ് പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും വില്‍ക്കാനും ആമസോണിനെ അനുവദിക്കുന്നത്.
ആമസോണ്‍,വാള്‍മാര്‍ട്ട് പോലുള്ള വമ്പന്‍മാര്‍ ഇന്ത്യന്‍ വിപണിയുടെ നല്ലൊരു ശതമാനമായ ഭക്ഷ്യവ്യാപാരത്തിലേക്ക് കൂടി സജീവമാകുമ്പോള്‍ തദ്ദേശീയരായ ചില്ലറവ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയാകും സംഭവിക്കുക. ഇടത്തട്ടുകാരില്ലാതെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്ന ഇത്തരം വന്‍കിട കമ്പനികള്‍ക്ക് മുമ്പില്‍ ഏത് വിധത്തിലുള്ള ബിസിനസ് തന്ത്രവും വിലപോകില്ലെന്നാണ് വിലയിരുത്തല്‍. സാധാരണക്കാരായ ലക്ഷകണക്കിന് ചെറുകിട കച്ചവടക്കാര്‍ക്ക് കനത്ത വെല്ലുവിളിയാകും ഇത്തരം കമ്പനികള്‍ ഉയര്‍ത്തുക.