
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ തകര്‍ച്ചയാണ് ആമസോണിന്റെ ആഗ്രഹമെന്ന് കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ കിഷോര്‍ ബിയാനി. റിലയന്‍സുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇടപാടിനെ ആമസോണ്‍ നിയമപരമായി വെല്ലുവിളിച്ച സാഹചര്യത്തിലാണ് ബിയാനിയുടെ പ്രതികരണം. സാമ്പത്തികമായി തകര്‍ന്നു നിന്ന വേളയില്‍ എട്ടുതവണ ആമസോണില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ ബിയാനി വെളിപ്പെടുത്തി.
'കരാര്‍ പ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സാമ്പത്തികമായി സഹായിക്കാന്‍ ആമസോണിന് കഴിയുമായിരുന്നു. അവര്‍ക്ക് അനുബന്ധ സ്ഥാപനങ്ങളോ മറ്റു ധനകാര്യസ്ഥാപനങ്ങളോ വഴി പുതിയ ഫണ്ടുകള്‍ അനുവദിക്കാമായിരുന്നു. എന്നാല്‍ ആമസോണില്‍ നിന്നും ഒരുവിധത്തിലും സഹായമുണ്ടായില്ല. തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും ഫ്യൂച്ചര്‍ ഗ്രൂപ്പിനെ രക്ഷിക്കാന്‍ ആമസോണ്‍ തയ്യാറായില്ല', കിഷോര്‍ ബിയാനി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് റീടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസ് ബിസിനസുകള്‍ റിലയന്‍സിന് വില്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തീരുമാനിക്കുന്നത്. റിലയന്‍സിന് കീഴിലുള്ള റിലയന്‍സ് റീടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡുമായി കമ്പനി ധാരണയിലെത്തുകയും ചെയ്തു. 25,000 കോടി രൂപയുടേതാണ് കരാര്‍. 'റിലയന്‍സുമായുള്ള കരാറാണ് ഞങ്ങള്‍ക്ക് തുണയായത്', കിഷോര്‍ ബിയാന്‍ പറയുന്നു. നിലവില്‍ ഫ്യൂച്ചര്‍ റീടെയിലില്‍ ആമസോണിന് ചെറിയ ഓഹരി പങ്കാളിത്തമുണ്ട്. 2019 -ല്‍ ഫ്യൂച്ചര്‍ കുപ്പോണ്‍സിന്റെ 49 ശതമാനം ഓഹരി വാങ്ങിയതിനെത്തുടര്‍ന്നാണ് ഫ്യൂച്ചര്‍ റീടെയിലില്‍ ആമസോണിന് അവകാശം ലഭിക്കുന്നത്. ആമസോണിനെക്കൂടാതെ നാലോ അഞ്ചോ വന്‍കിട നിക്ഷേപകര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിലുണ്ടെങ്കിലും ആരും കമ്പനിയെ സഹായിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലതായി ബിയാനി അറിയിച്ചു.
തങ്ങളുമായുള്ള കരാര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സുമായുള്ള ഇടപാടിനെ ആമസോണ്‍ കോടതിയില്‍ എതിര്‍ക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ തള്ളി 12 പേജുള്ള കത്ത് ആമസോണിന്റെ ഗ്ലോബല്‍ ഓഫീസിലേക്ക് കിഷോര്‍ ബിയാനി അയച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡിസംബര്‍ 31 -നാണ് ബിയാനി ആമസോണിന് കത്തയച്ചത്. നിലവില്‍ ആമസോണിന്റെ പരാതിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതി ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സും തമ്മിലെ ഇടപാട് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇതേസമയം, ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലെ കരാറിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നേരത്തെ അനുമതി നല്‍കിയിരുന്നു.