
മാര്‍ച്ചിനുശേഷം ഇതുവരെ യു.എസില്‍ 19,800 ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി ആമസോണ്‍. കമ്പനിയില്‍ മൊത്തമുള്ള 13.7 ലക്ഷം മുന്‍നിര ജീവനക്കാരില്‍ കോവിഡ് ബാധിച്ചവരുടെ കണക്കാണ് പുറത്തുവിട്ടത്. യുഎസിലെ ഫുഡ്, ഗ്രോസറി ഷോപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ജീവനക്കാരുടെ കണക്കാണിത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുസംബന്ധിച്ച് വിമര്‍ശനമുയര്‍ന്നപ്പോഴാണ് ആമസോണ്‍ ഈവിവരം പുറത്തുവിട്ടത്. കോവിഡ് ബാധിച്ചവരുടെ കണക്ക് പുറത്തുവിടണമെന്നും നേരത്തെ ആവശ്യമയുര്‍ന്നിരുന്നു. 640 കേന്ദ്രങ്ങളിലായി ഒരു ദിവസം 50,000പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നു.
യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് കുറവാണെന്നാണ് കമ്പനിയുടെ നിലപാട്. മൊത്തം തൊഴിലാളികുടെ രോഗ വ്യാപന നിരക്കുമായി അമേരിക്കന്‍ കോവിഡ് ബാധിതരുടെ എണ്ണംതാരതമ്യം ചെയ്യുമ്പോള്‍ 33,000 പേര്‍ക്കെങ്കിലും രോഗബാധ ഉണ്ടാകേണ്ടതാണെന്ന് കമ്പനി പറയുന്നു. മുന്‍നിര ജീവനക്കാരുടെ സുരക്ഷയ്ക്കും കോവിഡ് പരിശോധനകള്‍ക്കുമായി ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നതെന്ന് ആമസോണ്‍ വക്താവ് അവകാശപ്പെട്ടു.