
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടുത്ത 3-4 മാസങ്ങളില്‍ തിരിച്ചുവരുമെന്നാണ് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കൂടുതല്‍ ശക്തിപ്പെടണമെങ്കില്‍ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നാണ് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥ അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപാദത്തില്‍ കൂടി നേരിടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളതെന്നാണ് നീതി ആയോഗ് സിഇഒ പറയുന്നത്. വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടലാണ് നിലവില്‍ ഏറ്റെടുത്തിട്ടുള്ളത്.
എന്നാല്‍ നിലവിലെ പ്രതസിന്ധിയില്‍ നിന്ന് ഇന്ത്യ കരകയറണമെങ്കില്‍ കയറ്റുമതിയിലൂന്നിയ വ്യാപാരത്തില്‍ ശ്രദ്ധ ചെലുത്തമമെന്നാണ് നിതി ആയോഗ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്. ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളിലും, ടെക്‌സ്റ്റൈല്‍സ് മേഖലകളിലും കൂടുതല്‍ സാധ്യത കണ്ടെത്തണമെന്നാണ് വിലയിരുത്തല്‍. യുഎസ്-ചൈനാ വ്യാപാര യുദ്ധം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ഇന്ത്യ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി കയറ്റുമതി മേഖല ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ സാധ്യതകളെ വികസിപ്പിച്ചെടുത്ത് കൂടുതല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയേണ്ടത് അനിവാര്യമാണ്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ കാര്‍ഷിക നിര്‍മ്മാണ മേഖല ഇപ്പോള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇത് മൂലം ആഭ്യന്തര ഉത്പ്പാദനത്തിലടക്കം ഭീമമായ ഇടിവാണ് രൂപപ്പെട്ടിട്ടുള്ളത്.