റിലയന്‍സ്-അരാംകോ ചര്‍ച്ചകള്‍ സ്തംഭിച്ചു; മൂല്യനിര്‍ണയത്തെച്ചൊല്ലി ആശയക്കുഴപ്പം

July 17, 2020 |
|
News

                  റിലയന്‍സ്-അരാംകോ ചര്‍ച്ചകള്‍ സ്തംഭിച്ചു; മൂല്യനിര്‍ണയത്തെച്ചൊല്ലി ആശയക്കുഴപ്പം

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മൂല്യനിര്‍ണയത്തെച്ചൊല്ലി സ്തംഭിച്ചതായി റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണയുടെ ആവശ്യകത കുറയുന്നതുമൂലം ആസ്തികള്‍ക്ക് മൂല്യത്തകര്‍ച്ച സംഭവിച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓയില്‍-ടു-കെമിക്കല്‍ ബിസിനസിന്റെ മൂല്യം പുനരവലോകനം ചെയ്യണമെന്ന് സൗദി അരാംകോ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അരാംകോയുമായി കരാറില്‍ ഏര്‍പ്പെടുത്തത് സംബന്ധിച്ച ചര്‍ച്ചകള്‍, കൊറോണ പകര്‍ച്ചവ്യാധി മൂലം നേരത്തെ തീരുമാനിച്ച സമയപരിധി പ്രകാരം മുന്നോട്ട് പോകുന്നില്ലെന്ന് റിലയന്‍സിന്റെ 43 വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

'ഊര്‍ജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യവും കോവിഡ് -19 സാഹചര്യവും കാരണം സൗദി അരാംകോയുമായുള്ള കരാര്‍ യഥാര്‍ത്ഥ ടൈംലൈനിന് അനുസരിച്ച് മുന്നേറിയിട്ടില്ല. അരാംകോയുമായുള്ള ഞങ്ങളുടെ രണ്ട് ദശകത്തെ ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ദീര്‍ഘകാല പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമാണ്,' അംബാനി പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രസ്തുത പ്രഖ്യാപനത്തോട് വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. ബുധനാഴ്ച നടന്ന ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ഓഹരി അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാഴാഴ്ച 1.81 ശതമാനം ഇടിഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved