
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 23.29 ശതമാനം വേതന വര്‍ദ്ധനവ് ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം 60 വയസില്‍ നിന്ന് 62 വയസായി ഉയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ എംപ്ലോയീസ് അസോസിയേഷനുകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.
ജീവനക്കാരുടെ തീര്‍പ്പുകല്‍പ്പിക്കാത്ത വിവിധ പ്രശ്‌നങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2018 ജൂലൈ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരും. മറ്റ് ആനുകൂല്യങ്ങള്‍ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ആണ് പ്രാബല്യമുള്ളത്. പരിഷ്‌കരിച്ച ശമ്പള വ്യവസ്ഥകളോട് കൂടിയുള്ള പുതിയ ശമ്പള സ്‌കെയില്‍ അനുസരിച്ചുള്ള തുക 2022 ജനുവരി ഒന്നു മുതല്‍ വിതറണം ചെയ്യും.
സര്‍ക്കാരിന് പ്രതിവര്‍ഷം 10,247 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് തീരുമാനം. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമബത്ത കുടിശ്ശിക ജനുവരി മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുമെന്ന് എംപ്ലോയീസ് അസോസിയേഷനുകളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ലീവ് എന്‍ക്യാഷ്മെന്റ് തുടങ്ങിയ തീര്‍പ്പാക്കാത്ത പേയ്മെന്റുകള്‍ എല്ലാം ഏപ്രിലോടെ പൂര്‍ണ്ണമായും വിതരണം ചെയ്യും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നുണ്ട്. ജൂണ്‍ 30-ഓട് കൂടെ വിഷയത്തില്‍ തീരുമാനം എടുത്തേക്കും
കൊവിഡ് കാലത്ത് ജീവനക്കാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഈ ശമ്പള വര്‍ധനയെന്നാണ് ചിലരുടെ പ്രതികരണം. അതേസമയം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം വര്‍ധിപ്പിക്കുന്നത് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടില്ല എന്നതിന്റെ തെളിവാണ് എന്ന വിമര്‍ശനമുണ്ട്.. കൂടാതെ പുതുതലമുറ ജോലിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ സീനിയോരിറ്റി കൂടിയ ഉദ്യോഗസ്ഥര്‍ക്ക് ഒരേ തസ്തികയില്‍ തന്നെ കൂടുതല്‍ ശമ്പളം ലഭിക്കും എന്നാണ് മറ്റൊരു ആക്ഷേപം.