
സങ്കീര്‍ണകളില്ലാതെ എളുപ്പം ബിസിനസ് തുടങ്ങാവുന്ന സംസ്ഥാനങ്ങളുടെ പുതിയ പട്ടിക കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. ആന്ധ്രാപ്രദേശാണ് പട്ടികയില്‍ മുന്നില്‍. ആന്ധ്രയ്ക്ക് പിന്നില്‍ ഉത്തര്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ അണിനിരക്കുന്നു. വിവരങ്ങളുടെ അതിവേഗ ലഭ്യത, മെച്ചപ്പെട്ട തൊഴില്‍ നിയമങ്ങള്‍, വേഗത്തിലുള്ള നിര്‍മ്മാണ അനുമതികള്‍, ഏകജാലക അംഗീകരങ്ങള്‍ തുടങ്ങി ബിസിനസ് സംബന്ധമായ 180 ഓളം ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ്മപദ്ധതിക്കും മന്ത്രാലയം തുടക്കമിട്ടു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കര്‍മ്മപദ്ധതിയില്‍ പങ്കാളികളാകും. നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കര്‍മ്മപദ്ധതിയില്‍ പ്രഥമപരിഗണന ലഭിക്കും. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന് (ഡിപിഐഐടി) കീഴിലാണ് കര്‍മ്മപദ്ധതി വാണിജ്യ വ്യവസായ മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. മുന്‍പ്, 2018 ജൂലായിലാണ് സമാനമായ പട്ടിക പുറത്തിറങ്ങിയത്. അന്നും ആന്ധ്രാപ്രദേശായിരുന്നു ബിസിനസ് എളുപ്പം ചെയ്യാവുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍. തെലങ്കാന, ഹരിയാന സംസ്ഥാനങ്ങള്‍ ആന്ധ്രയ്ക്ക് പിന്നില്‍ നിലകൊണ്ടു.
ഇത്തവണ ഡിപിഐഐടിയുടെ റാങ്കിങ് രീതിയില്‍ പരിഷ്‌കാരം സംഭവിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സംരംഭകരുടെ പ്രതികരണം വകുപ്പ് തേടി. സംസ്ഥാനങ്ങളിലെ ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചുള്ള സംരംഭകരുടെ പ്രതികരണം റാങ്കിങ്ങില്‍ നിര്‍ണായകമായി. 35,000 സംരംഭകരില്‍ നിന്നാണ് മന്ത്രാലയം വിവരങ്ങള്‍ തേടിയത്.
പുതിയ പട്ടിക പരിശോധിച്ചാല്‍ ഉത്തര്‍ പ്രദേശ് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത് കാണാം. ഉത്തരേന്ത്യയില്‍ നിന്നും ഉത്തര്‍പ്രദേശ്, ദക്ഷിണേന്ത്യയില്‍ നിന്ന് ആന്ധ്രാപ്രദേശ്, കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് പശ്ചിമ ബംഗാള്‍, പശ്ചിമ ഇന്ത്യയില്‍ നിന്ന് മധ്യപ്രദേശ്, തെക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്ന് അസം സംസ്ഥാനങ്ങള്‍ പ്രഥമസ്ഥാനങ്ങള്‍ കയ്യടക്കി. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദില്ലിയാണ് മുന്നില്‍. നേരത്തെ, മാര്‍ച്ചിലായിരുന്നു വാണിജ്യ വ്യവസായ മന്ത്രാലയം പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പട്ടിക പുറത്തുവരാന്‍ കാലതാമസം സംഭവിച്ചു.
ലോക ബാങ്കിന്റെ കണക്കുപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷമായി എളുപ്പത്തില്‍ ബിസിനസ് ചെയ്യാവുന്ന ആദ്യ പത്തു ലോകരാജ്യങ്ങളില്‍ ഇന്ത്യയുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. അണ്‍ലോക്ക് പ്രക്രിയ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ അതിവേഗം തിരിച്ചുവരികയാണെന്നും മന്ത്രി സൂചിപ്പിച്ചു. കേന്ദ്രം പ്രസിദ്ധീകരിച്ച പട്ടികയിലെ ആദ്യ പത്തില്‍ കേരളമില്ലെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, രാജസ്താന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ആദ്യ പത്തിലുള്ളത്.