
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തില്‍ 1000 ശതമാനത്തിലേറെ വര്‍ധന. ഇതോടെ കമ്പനികളുടെ മൊത്തം മൂല്യം മാര്‍ച്ചിലെ 733 കോടി രൂപയില്‍ നിന്ന് 7,866 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവയുടെ മൂല്യം 20 വ്യാപാരദിനം കൊണ്ട് 100 ശതമാനത്തിലേറെ ഉയരുകയും ചെയ്തു.
റിലയന്‍സ് പവറിന്റെ വിപണി മൂല്യം 4,446 കോടിയായും റിലയന്‍സ് ഇന്‍ഫ്രസ്‌കട്ചറിന്റെ മൂല്യം 2,767 കോടിയായും റിലയന്‍സ് ക്യാപിറ്റലിന്റെ മൂല്യം 653 കോടി രൂപയായുമാണ് ഉയര്‍ന്നത്. മൂല്യം ഉയര്‍ന്നതിലൂടെ 50 ലക്ഷത്തോളം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനായി. റിലയന്‍സ് പവറിന് 33 ലക്ഷവും റിലയന്‍സ് ഇന്‍ഫ്രക്ക് 9 ലക്ഷവും റിലയന്‍സ് ക്യാപിറ്റലിന് 8 ലക്ഷവും റീട്ടെയില്‍ ഓഹരി ഉടമകളാണുള്ളത്.
അടുത്തയിടെയണ്ടായ സംഭവവികാസങ്ങളാണ് കനത്ത ബാധ്യതയുള്ള ഈ കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധനവിന് ഇടയാക്കിയത്. പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും വിഎസ്എഫ്ഐ ഹോള്‍ഡിങ്സില്‍ നിന്നും 550 കോടി രൂപ സമാഹരിക്കുമെന്ന് റിലയന്‍സ് ഇന്‍ഫ്ര ഈയിടെ പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് പവര്‍ പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ പുറത്തിറക്കമെന്ന് പ്രഖ്യാപിച്ചതാണ് മറ്റൊരു കാരണം. 1,325 കോടി രൂപയുടെ കടബാധ്യത ഓഹരിയാക്കിമാറ്റാന്‍ റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറും തീരുമാനിച്ചിരുന്നു.
ആസ്തികള്‍ പണമാക്കിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് ക്യാപിറ്റലും റിലയന്‍സ് ഹോം ഫിനാന്‍സും. 2,887 കോടി രൂപ ഇതിലൂടെ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. റിലയന്‍സ് ക്യാപിറ്റലിന്റെ കടബാധ്യത 11,000 കോടി രൂപയായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. ഇക്കാരണങ്ങളാണ് റിലയന്‍സ് ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധനവുണ്ടാക്കിയത്.