
ന്യൂഡല്‍ഹി: യെസ് ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് റിലയനന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് മുന്‍പില്‍ ഹാജരായി. അനില്‍ അംബാനിയെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്. യെസ് ബാങ്കില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനി ഏകദേശം 12,500 കോടി രൂപയോളം വായ്പയെടുത്തിയിട്ടുണ്ട്. വായ്പയുടെ മേല്‍ ഇഡി അനില്‍ അംബാനിയെ കൂടുതല്‍ തവണ ചോദ്യം ചെയ്തുവെന്നാണ് വിവരം.
തിങ്കളാഴ്ച ഹാജരാകാനാണ് അനിലിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ അന്ന് എത്താനാകില്ലെന്ന് അറിയിച്ചതിനു പിന്നാലെ ഇന്നലെ ഹാജരാകാന്‍ സമന്‍സ് അയയ്ക്കുകയായിരുന്നു ഇഡി. അനില്‍ അംബാനിയടക്കമുള്ളവര്‍ യെസ് ബാങ്കില്‍ നിന്ന് വായ്പയെടുത്തതോടെ ബാങ്ക് ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ബാങ്ക് തകരാനുള്ള പ്രധാന കാരണം സ്ഥാപകന്‍ റാണാകപൂര്‍ അടക്കമുള്ളവരുടെ ഇടപെടിലൂടെയായിരുന്നു.
അതേസമയം റാണ കപൂറും അനില്‍ അംബാനിയും തമ്മില്‍ വായ്പയുടെ മേല്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. ബാങ്കിലൂടെ വായ്പയെടുത്ത തുകയില്‍ നിന്ന് അനില്‍ അംബാനി റാണ കപൂറിന്റെ കുടുബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 1,100 കോടി രൂപയോളം അനധികൃതമായി നല്‍കിയെന്ന ആരോപണവും അനില്‍ അംബാനിക്ക് നേരെയുണ്ട്. റാണ കപൂര്‍ വിവിധ കമ്പനികള്‍ക്ക് വഴിവിട്ട് വായ്പ നല്‍കുകയും, അതില്‍ നല്ലൊരുപങ്ക് റാണകപൂറിന്റെ കമ്പനിയിലേക്ക് ഒഴികിയെത്തുകയും ചെയതുവെന്നാണ് ഇഡിയുടെ അന്വേഷണത്തിലൂടെ തെളിഞ്ഞത്.
ബാങ്കില്‍ നിന്ന് വായ്പകളെടുത്ത ഭീമന്‍ തുക തിരികെ എത്തിക്കാനുള്ള ശക്തമായ നടപടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. വായ്പയെടുത്ത തുക വിവിധ കമ്പനികള്‍ അടക്കാതെ വരികയും, ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി പെരുകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. വായ്പകളുടെ തുക മാറ്റിയത് റാണ കപൂറിന്റെ പത്‌നി ബിന്ദുവിന്റെയും, മൂന്ന് മക്കളുടെയും പേരിലാണ്. റാണ കപൂര്‍ അനധികൃതമായി വായ്പ നല്‍കിയത് വഴി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 20,000 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. വായ്പ നല്‍കിയ തുകയില്‍ നിന്ന് റാണ കപൂര്‍ 5,000 കോടി രൂപയോളം തന്റെ കമ്പനിയിലേക്ക് ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം.