
ദില്ലി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അനില്‍ അംബാനി രാജിവെച്ചതായി റിപ്പോര്‍ട്ട്. കടക്കെണിയിലായ കമ്പനി ശനിയാഴ്ച സമര്‍പ്പിച്ച ഫയലിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അംബാനിക്കൊപ്പം ച്ഛായ വിരാനി, റൈന കരാനി,മഞ്ജരി കാഖേര്‍,സുരേഷ് രംഗാചര്‍ എന്നിവരും ആര്‍കോമിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചുവെന്ന് വ്യക്തമാക്കുന്നു.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനിയുടെ ഡയറക്ടര്‍ ,ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവികളില്‍ നിന്ന് നേരത്തെ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. രാജി കമ്പനിയുടെ ക്രെഡിറ്റേഴ്‌സിന്റെ സമിതിയുടെ പരിഗണനയ്ക്കായി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച ആര്‍കോം ഓഹരി 3.28 % ഇടിഞ്ഞു 0.59 രൂപയിലെത്തി.
സ്റ്റാറ്റിയൂട്ടറി ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ കുടിശ്ശികയും അനുവദിച്ചതിന് ശേഷം ,വെള്ളിയാഴ്ച റിലീസ് ചെയ്ത രണ്ടാം പാദത്തില്‍ 30,142 കോടി രൂപയുടെ ഏകീകൃത നഷ്ടമാണ് ആര്‍കോമിന് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,141 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ ഏറ്റവും നഷ്ടത്തിലോടുന്ന ടെലികോം വ്യവസായവും ഇദേഹത്തിന്റെ പങ്കാളിത്തത്തിലുള്ള വോഡഫോണ്‍-ഐഡിയയുടേതാണ്. ജൂലൈ-സെപ്തംബറില്‍ 50,921.9 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.